തിരഞ്ഞെടുപ്പ് തിരിച്ചടി: സിപിഎം പത്തനംതിട്ട, കൊല്ലം കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
പ്രദീപ് പുറവങ്കര
പത്തനംതിട്ട/കൊല്ലം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ 'ആഗോള അയ്യപ്പ സംഗമ'ത്തിനെതിരെയാണ് പ്രധാനമായും വിമർശനമുയർന്നത്. ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ഇതെന്നും, പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായ ഈ നടപടി തിരഞ്ഞെടുപ്പിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണ്ണക്കൊള്ള ആരോപണത്തിൽ പാർട്ടി മൗനം പാലിക്കുന്നതിലും യോഗത്തിൽ അതൃപ്തിയുണ്ടായി. പത്മകുമാറിനെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടെങ്കിൽ അത് അദ്ദേഹം പോലുമറിഞ്ഞോ എന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു.
അതേസമയം, കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത അമർഷമാണ് ഉയർന്നത്. ജനവികാരം മാനിച്ച് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് യോഗത്തിൽ ആവശ്യമുയർന്നു. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും വിമർശനമുണ്ട്. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുനിൽക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
പ്രായാധിക്യവും അനാ ആരോഗ്യവുമുള്ള ഒരാൾ പ്രതിപക്ഷ നേതാവാകുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും, 62 വയസ്സുള്ള വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമ്പോൾ കനത്ത പോരാട്ടം നയിക്കാൻ നേതൃത്വം മാറണമെന്നും അംഗങ്ങൾ വാദിച്ചു. ഈ തീരുമാനം തിരുത്തിയില്ലെങ്കിൽ ബിജെപി നേതാവ് വി. മുരളീധരൻ പ്രതിപക്ഷ നേതാവായി മാറുന്ന സാഹചര്യമുണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
aaa

