8 ലക്ഷം ദിനാറിന്റെ സ്വർണ്ണവും ലക്ഷ്വറി വാച്ചുകളും കവർന്ന കേസ്: എട്ട് പ്രതികൾക്കെതിരെ വിധി പ്രസ്താവിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജുഫൈർ മേഖലയിലുള്ള ഒരു വില്ലയിൽ നിന്ന് 8,00000 (എട്ട് ലക്ഷം) ബഹ്റൈനി ദിനാറിലധികം മൂല്യം വരുന്ന സ്വർണ്ണക്കട്ടികളും ആഡംബര വാച്ചുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്ത കേസിൽ എട്ട് പ്രതികൾക്കെതിരെ ഫോർത്ത് ലോവർ ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചു. ഫെബ്രുവരി 28-ന് വീട് പൂട്ടിപ്പോയ ഉടമ മാർച്ച് 6-ന് തിരിച്ചെത്തിയപ്പോഴാണ് ബെഡ്‌റൂമിലെ സ്റ്റീൽ സേഫ് തകർത്ത് വൻ കവർച്ച നടന്ന വിവരം അറിയുന്നത്. 22 റോളക്സ് (Rolex) വാച്ചുകൾ, ഒന്നര കിലോഗ്രാം സ്വർണം, ഒൻപത് ഗ്രാം വീതം തൂക്കമുള്ള 9 ചെറിയ സ്വർണ്ണക്കട്ടികൾ എന്നിവയാണ് വില്ലയിൽ നിന്ന് മോഷണം പോയത്.
സംഭവത്തെക്കുറിച്ച് കാപ്പിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ, പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ മാർച്ച് 2-ന് രാവിലെ വീടിന് സമീപം നിർത്തിയിട്ടിരുന്ന ഒരു വാഹനം കണ്ടെത്തുകയുണ്ടായി. കൂടാതെ മോഷണ സമയത്ത് വീടിനകത്തെ സുരക്ഷാ ക്യാമറകൾ തുണികൊണ്ട് മറച്ചതായും പോലീസ് കണ്ടെത്തി. തുടർന്ന് വാഹന ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ ഇയാൾ മോഷണത്തിൽ നേരിട്ടുള്ള പങ്ക് നിഷേധിച്ചു. ബഹ്‌റൈനെതിരെയുള്ള ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട ഷെല്ലാക്രമണങ്ങൾ കാണാൻ സുഹൃത്തുക്കളോടൊപ്പം സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ പോയതാണെന്നായിരുന്നു ഇയാളുടെ അവകാശവാദം. എന്നാൽ പിന്നീട് സനാബിസിൽ വെച്ച് സുഹൃത്തുക്കൾ മോഷണമുതലിന്റെ ഒരു ഭാഗം കാണിച്ചതായും, മോഷണം പോയതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ താൻ ഒരു വാച്ച് വാങ്ങി സൂക്ഷിച്ചതായും ഇയാൾ സമ്മതിച്ചു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മറ്റ് പ്രതികളെ പോലീസ് വലയിലാക്കിയത്. കേസിൽ മൂന്ന് പ്രതികൾക്കെതിരെ നേരിട്ട് മോഷണം നടത്തിയതിനും, ബാക്കി അഞ്ച് പേർക്കെതിരെ മോഷണമുതൽ സ്വീകരിച്ചതിനും കൈകാര്യം ചെയ്തതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. മോഷണം നടത്തിയ മൂന്ന് പേർക്ക് ആറ് വർഷം വീതം തടവ് ശിക്ഷ നൽകണമെന്നും മോഷണമുതൽ വാങ്ങിയ മറ്റ് പ്രതികൾക്ക് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.
aaa

