സൗദി ഭരണാധികാരികളുമായി ചർച്ച നടത്തി സെലൻസ്‌കി; പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കും
പ്രദീപ് പുറവങ്കര I ഗൾഫ്
റിയാദ്: യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലൻസ്‌കി സൗദി അറേബ്യയിൽ സന്ദർശനം നടത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുരക്ഷ, ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സെലൻസ്‌കിയുടെ സന്ദർശനം.
കഴിഞ്ഞ മാർച്ച് 27-ന് ജിദ്ദയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വ്യോമ പ്രതിരോധ സാങ്കേതികവിദ്യയിൽ സഹകരിക്കാൻ ഇരുനേതാക്കളും ധാരണയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ചർച്ചകൾ. റഷ്യൻ സേന ഉപയോഗിക്കുന്ന ഡ്രോണുകളെ നേരിടുന്നതിലുള്ള യുദ്ധകാല പരിചയം ഗൾഫ് രാജ്യങ്ങളുമായി പങ്കുവെക്കാൻ യുക്രെയ്ൻ താല്പര്യം പ്രകടിപ്പിച്ചു. മേഖലയിൽ ഡ്രോൺ, മിസൈൽ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രെയ്‌നിന്റെ ഈ വൈദഗ്ധ്യം നിർണ്ണായകമാണ്.
യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് സെലൻസ്‌കി സൗദിയിലെത്തിയത്. യുക്രെയ്‌നിനായി 90 ബില്യൺ യൂറോയുടെ വായ്പാ പാക്കേജും റഷ്യക്കെതിരായ 20-ാം വട്ട ഉപരോധവും യൂറോപ്യൻ യൂണിയൻ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. സൗദിയുമായുള്ള പുതിയ പ്രതിരോധ നീക്കങ്ങൾ യുക്രെയ്‌നിന്റെ നയതന്ത്ര പോരാട്ടത്തിൽ വലിയ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
werewr



