ഹജ്ജ് സീസൺ: മക്കയിൽ പ്രവേശിക്കാൻ ആറ് വിഭാഗക്കാർക്ക് ഇലക്ട്രോണിക് പെർമിറ്റ് അനുവദിക്കുമെന്ന് സൗദി
പ്രദീപ് പുറവങ്കര I ഗൾഫ്
റിയാദ്: ഹജ്ജ് സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായി ആറ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് 'അബ്ഷിർ' (Absher) പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് പെർമിറ്റുകൾ ലഭ്യമാകുമെന്ന് സൗദി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മക്കയിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രീമിയം റെസിഡൻസി ഉടമകൾ, നിക്ഷേപകർ, ജി.സി.സി പൗരന്മാർ, സൗദി പൗരന്മാരുടെ വിദേശികളായ മാതാക്കൾ, സൗദി പൗരന്മാരുടെ വിദേശികളായ കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ എന്നിവർക്കാണ് ഈ ഡിജിറ്റൽ സേവനം വഴി പെർമിറ്റ് ലഭിക്കുക. അപേക്ഷകർക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓൺലൈനായി പെർമിറ്റുകൾ സ്വന്തമാക്കാം.
ഏപ്രിൽ 19 മുതൽ കൃത്യമായ പെർമിറ്റില്ലാത്ത താമസക്കാരെ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മക്കയിൽ ഇഷ്യൂ ചെയ്ത തൊഴിൽ പെർമിറ്റുള്ളവർ, മക്കയിൽ താമസിക്കുന്നവർ, ഹജ്ജ് പെർമിറ്റുള്ളവർ എന്നിവർക്ക് മാത്രമാണ് നിലവിൽ പ്രവേശന അനുമതിയുള്ളത്. പ്രവാസികൾക്കുള്ള പെർമിറ്റുകൾ അബ്ഷിർ, മുഖീം പോർട്ടലുകൾ വഴി ഇലക്ട്രോണിക് ആയിട്ടാണ് നൽകുന്നത്. ഹജ്ജ് നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.
tertet



