ചികിത്സാ ബില്ല് അടച്ചില്ല; മെഡിക്കൽ സെന്ററിന് 4,000 ദിനാറോളം നൽകാൻ ഒരേ കുടുംബത്തിലെ അഞ്ച് പേർക്ക് ബഹ്‌റൈൻ കോടതി ഉത്തരവ്
പ്രദീപ് പുറവങ്കര
മനാമ: മെഡിക്കൽ സെന്ററിൽ നിന്ന് കൈപ്പറ്റിയ ചികിത്സകൾക്കും മറ്റ് ആരോഗ്യ സേവനങ്ങൾക്കുമുള്ള ബില്ല് അടക്കാതിരുന്ന ഒരേ കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കെതിരെ ബഹ്‌റൈൻ ഹൈ കൊമേഴ്സ്യൽ കോർട്ട് ഓഫ് അപ്പീൽ വിധി പ്രസ്താവിച്ചു. മെഡിക്കൽ സെന്ററിന് നൽകാനുള്ള ഏകദേശം 4,000 ബഹ്റൈനി ദിനാർ (BD 4,000) കുടുംബം അടിയന്തരമായി നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ലോവർ കോർട്ട്, കോർട്ട് ഓഫ് അപ്പീൽ, കോർട്ട് ഓഫ് കസ്സേഷൻ എന്നിവ കടന്ന് നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസ് വീണ്ടും പരിഗണിച്ച് കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
മെഡിക്കൽ സെന്ററിന് വേണ്ടി ഹാജരായ അഭിഭാഷക സെഹാം സുലൈബീഖ് ആണ് കുടിശ്ശിക തുകയ്ക്കൊപ്പം നിയമപരമായ പലിശയും കോടതി ചെലവുകളും ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. എന്നാൽ, മെഡിക്കൽ സെന്ററിന്റെ മാനേജറുമായുള്ള കുടുംബബന്ധം കാരണം ഈ ചികിത്സകൾ സൗജന്യമായാണ് തങ്ങൾക്ക് നൽകിയതെന്നായിരുന്നു പ്രതികളുടെ വാദം. കുടിശ്ശികയിൽ ഒരു ഭാഗം നൽകാൻ ശ്രമിച്ചിരുന്നതായും എന്നാൽ ബന്ധുത്വം കാരണം മാനേജർ അത് നിരസിച്ചതായും കുടുംബം കോടതിയിൽ അവകാശപ്പെട്ടു.
എന്നിരുന്നാലും, വാദത്തിനിടെ മെഡിക്കൽ സെന്ററിലെ ഒരു ഡോക്ടർ ഇവർക്ക് ചികിത്സ നൽകിയതായി സ്ഥിരീകരിക്കുകയും, കുടിശ്ശികയുള്ള ബില്ലുകൾ അടയ്ക്കാമെന്ന് കുടുംബം ആവർത്തിച്ച് ഉറപ്പ് നൽകിയിരുന്നതായി റിസപ്ഷനിസ്റ്റ് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. കേസ് പരിശോധിച്ച കോർട്ട് ഓഫ് കസ്സേഷൻ, വ്യക്തമായ തെളിവുകളില്ലാതെ വെറും കുടുംബബന്ധങ്ങളുടെ പേരിൽ മാത്രം സാമ്പത്തിക ബാധ്യതകൾ ഇല്ലാതാകില്ലെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് വീണ്ടും പരിഗണിച്ച അപ്പീൽ കോടതി മുൻ വിധി റദ്ദാക്കുകയും, 4,000 ദിനാറോളം വരുന്ന തുകയും അതിനോടൊപ്പം കുടിശ്ശിക തീയതി മുതൽ തുക പൂർണ്ണമായി അടയ്ക്കുന്നത് വരെ 2% വാർഷിക പലിശയും കോടതി ചെലവുകളും പ്രതികൾ നൽകണമെന്ന് ഉത്തരവിടുകയുമായിരുന്നു.
aaa

