സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം: ബഹ്‌റൈനികളുടെ തൊഴിൽ പങ്കാളിത്തത്തിൽ 4 ശതമാനം വർദ്ധനവ്


പ്രദീപ് പുറവങ്കര

മനാമ: 2022 നും 2024 നും ഇടയിൽ ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് മാത്രം രേഖപ്പെടുത്തിയപ്പോൾ, സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 4 ശതമാനത്തിലധികം വളർച്ചയുണ്ടായതായി ലേബർ മിനിസ്ട്രി കണക്കുകൾ വ്യക്തമാക്കുന്നു. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ (SIO) ഡാറ്റയെ അടിസ്ഥാനമാക്കി എം.പി ഡോ. മുനീർ സുരൂറിന് നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ ബഹ്‌റൈനി തൊഴിലാളികളുടെ എണ്ണം 2022-ൽ 99,945 ആയിരുന്നത് 2024-ൽ 103,986 ആയി ഉയർന്നു. ഇതേ കാലയളവിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 464,304-ൽ നിന്ന് 467,267 ആയി മാത്രമാണ് ഉയർന്നത് (ഏകദേശം 0.6% വർദ്ധനവ്). എല്ലാ മേഖലകളിലും സ്വദേശിവൽക്കരണ നിരക്ക് ബാധകമാണെന്നും, തൊഴിലുകളുടെ സ്വഭാവവും ബഹ്‌റൈനികൾക്കിടയിലെ ആവശ്യകതയും അനുസരിച്ച് ഈ നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി ഈ നിരക്കുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിശ്ചിത സ്വദേശിവൽക്കരണ നിരക്ക് പാലിക്കാത്ത കമ്പനികളിൽ നിന്ന് ഓരോ പ്രവാസി വർക്ക് പെർമിറ്റിനും അഡ്വാൻസ് ഫീസിന് പുറമെ 500 ദിനാർ അധികമായി ഈടാക്കും. കൂടാതെ, സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനും സ്വദേശിവൽക്കരണ നിരക്ക് പാലിക്കൽ നിർബന്ധമാണ്.

ചില സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം 80 മുതൽ 90 ശതമാനം വരെ എത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അഞ്ചോ അതിൽ കുറവോ പ്രവാസി ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾ പുതിയ പ്രവാസി പെർമിറ്റിനായി അപേക്ഷിക്കുമ്പോൾ മാത്രമാണ് സ്വദേശിവൽക്കരണ നിയമങ്ങൾ ബാധകമാകുക. വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് മുൻപ് 21 ദിവസത്തെ കാലതാമസം മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. ഈ സമയത്തിനുള്ളിൽ തൊഴിലുടമകൾ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ പ്രാദേശിക പത്രങ്ങളിൽ 7 ദിവസത്തേക്ക് പരസ്യം ചെയ്യുകയും, യോഗ്യരായ ബഹ്‌റൈനികളെയും നിലവിൽ രാജ്യത്തുള്ള പ്രവാസികളെയും ഇന്റർവ്യൂ ചെയ്യുകയും വേണം. അനുയോജ്യരായ തൊഴിലാളികളെ പ്രാദേശികമായി കണ്ടെത്താൻ സാധിക്കുന്ന സാഹചര്യങ്ങളിൽ വിദേശ റിക്രൂട്ട്‌മെന്റ് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed