പ്രായപൂർത്തിയാകാത്തവർക്ക് എനർജി ഡ്രിങ്കുകൾ വിറ്റു; അഞ്ച് പ്രതികൾക്ക് പിഴ വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ (Energy Drinks) വില്പന നടത്തിയ അഞ്ച് പ്രതികൾക്കെതിരെ മൈനർ ക്രിമിനൽ കോടതി പിഴ ചുമത്തി. 18 വയസ്സിന് താഴെയുള്ളവർക്ക് ഇത്തരം പാനീയങ്ങൾ വിറ്റതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് 50 മുതൽ 100 ബഹ്റൈനി ദിനാർ വരെയാണ് കോടതി പിഴ വിധിച്ചത്.
ചില വാണിജ്യ സ്ഥാപനങ്ങൾ കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് പബ്ലിക് പ്രോസിക്യൂഷന് നൽകിയ പരാതിയെത്തുടർന്നാണ് നിയമനടപടികൾ ആരംഭിച്ചത്. മന്ത്രാലയം നടത്തിയ പരിശോധനയിൽ ഈ പാനീയങ്ങളിൽ ഉയർന്ന അളവിൽ കഫീനും (caffeine) ടോറിനും (taurine) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് കുട്ടികൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഉത്തേജക പാനീയങ്ങളുടെ വിഭാഗത്തിൽപ്പെടുന്നവയാണ്. പരാതി ലഭിച്ചയുടൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി കേസ് കോടതിക്ക് കൈമാറുകയായിരുന്നു.
കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിൽ പബ്ലിക് പ്രോസിക്യൂഷൻ പ്രതിജ്ഞാബദ്ധമാണെന്നും ചെറിയ പ്രായത്തിലുള്ള എനർജി ഡ്രിങ്ക് ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ബഹ്‌റൈൻ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നതോ അവയുടെ പ്രചാരണം നടത്തുന്നതോ പൂർണ്ണമായി നിരോധിച്ചിട്ടുണ്ടെന്നും, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
aaaa

