പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ; മന്ത്രിമാരുടെ പട്ടികയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, മന്ത്രിമാരുടെ പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്നും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്ന് രാവിലെ മുതൽ വീണ്ടും തുടരുമെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി വക്താവ് ദീപദാസ് മുൻഷി വ്യക്തമാക്കി.
മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച അധികാരമേൽക്കുന്നത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ 11 പേരുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ഏതാണ്ട് ധാരണയായിക്കഴിഞ്ഞു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്നാണ് വിവരം. സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ എന്നിവരാണ് കോൺഗ്രസ് മന്ത്രിപട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ധനവകുപ്പ് മുഖ്യമന്ത്രി തന്നെയായിരിക്കും കൈകാര്യം ചെയ്യുക.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറയ്ക്കൽ അബ്ദുല്ല എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. അതേസമയം, പി.കെ. ബഷീറിനെ മന്ത്രിയാക്കുന്ന കാര്യത്തിൽ ഒരുവിഭാഗം അതൃപ്തി അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലെ അന്തിമ തീരുമാനം ഇന്ന് ഉച്ചയോടെ പുറത്തുവരും.
നേരത്തെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്ന രമേശ് ചെന്നിത്തലയെ കെ.സി. വേണുഗോപാലും വി.ഡി. സതീശനും വസതിയിലെത്തി നടത്തിയ അനുനയ ചർച്ചകൾക്കൊടുവിലാണ് മന്ത്രിയാകാൻ സമ്മതിപ്പിച്ചത്. ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നൽകാമെന്ന് ചർച്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ചെന്നിത്തല എന്നും സ്ഥാനമാനങ്ങൾ വേണ്ടെന്നുവെച്ച നേതാവാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനമായിരിക്കും ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ എന്നും യഥാർത്ഥ കോൺഗ്രസുകാരനായിരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
aaa

