ചൂടുള്ള റൊട്ടി പ്ലാസ്റ്റിക് കവറുകളിൽ നൽകുന്നത് നിരോധിക്കണം; ബഹ്‌റൈൻ പാർലമെന്റിൽ നിർദ്ദേശം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ ചൂടുള്ള റൊട്ടിയും ഖുബ്ബൂസും പ്ലാസ്റ്റിക് ബാഗുകളിൽ പാക്ക് ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രമേയം സമർപ്പിച്ചു. പ്ലാസ്റ്റിക്കിന് പകരം ആരോഗ്യത്തിന് ഹാനികരമല്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ പാക്കിങ് രീതികൾ ബേക്കറികൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. എം.പി ഡോ. മറിയം അൽ ദായെൻ ആണ് ഈ സുപ്രധാന നിർദ്ദേശം പാർലമെന്റിൽ സമർപ്പിച്ചത്.
ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക്കുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്ന രാസമാറ്റങ്ങൾ വഴിയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് നിയന്ത്രിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ചൂട് തട്ടുമ്പോൾ പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന താലേറ്റുകൾ (phthalates), ബിസ്ഫെനോൾ എ (Bisphenol A) തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ടെന്ന് ഡോ. മറിയം അൽ ദായെൻ മുന്നറിയിപ്പ് നൽകി. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ മണ്ണിൽ ലലിയാൻ നൂറുകണക്കിന് വർഷങ്ങളെടുക്കുമെന്നും ഇത് കരയിലെയും കടലിലെയും പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. മറ്റു ചില ഗൾഫ് രാജ്യങ്ങളിലെ സമാനമായ നിയന്ത്രണങ്ങളും, നേർത്ത പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുകൊണ്ടുള്ള ബഹ്‌റൈനിലെ നിലവിലെ നിയമങ്ങളും പ്രമേയത്തിൽ പരാമർശിച്ചിട്ടുണ്ട്.
അതേസമയം, ഭക്ഷ്യസുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണനയെന്ന് ആരോഗ്യ മന്ത്രാലയം ഉൾപ്പെടെയുള്ള ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരം, താപനില, എത്ര സമയം ഭക്ഷണം പ്ലാസ്റ്റിക്കിൽ സൂക്ഷിക്കുന്നു എന്നിവയെ ആശ്രയിച്ചാണ് ആരോഗ്യസാധ്യതകൾ നിലനിൽക്കുന്നതെന്നും, ഇത്തരം രാസവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ സാധാരണയായി ദീർഘകാല ഉപയോഗത്തിലൂടെയാണ് പ്രകടമാകാറുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു. പാർലമെന്റിന്റെ പരിഗണനയ്ക്ക് ശേഷം അംഗീകാരം ലഭിച്ചാൽ ഈ നിർദ്ദേശത്തിന്മേൽ തുടർനടപടികൾ ഉണ്ടാകും.
aa

