ടാക്സി ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസ്: പ്രതിക്ക് ഒരു വർഷം തടവും നാടുകടത്തലും വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ ടാക്സി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ പ്രതിക്ക് ഒന്നാം ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതിയുടെ അസാന്നിധ്യത്തിൽ വിധി പ്രസ്താവിച്ച കോടതി, ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.
പരാതിക്കാരനായ ടാക്സി ഡ്രൈവറുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും 220 ബഹ്റൈനി ദിനാറും ബലം പ്രയോഗിച്ച് കവർന്നതിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇരയായ ഡ്രൈവർ വാഹനം നിർത്തിയിട്ടിരുന്ന സമയത്ത് അടുത്തേക്ക് വന്ന പ്രതി കാറിന്റെ വിൻഡോയിൽ മുട്ടുകയും, ഗ്ലാസ് താഴ്ത്തിയപ്പോൾ ബലമായി വണ്ടിക്കുള്ളിലേക്ക് കയറി മൊബൈൽ ഫോണുകളും 220 ദിനാറടങ്ങിയ പേഴ്സും തട്ടിയെടുക്കുകയുമായിരുന്നു. തന്റെ സാധനങ്ങൾ തിരികെ വാങ്ങാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ, പ്രതി ഇയാളെ കൈകൊണ്ടും കല്ലുകൊണ്ടും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് തലയ്ക്ക് ആഴത്തിൽ മുറിവേറ്റതായും തുന്നലുകൾ ആവശ്യമായി വന്നതായും മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. കവർച്ച നടത്താനും അവിടെനിന്ന് രക്ഷപ്പെടാനുമായി പ്രതി ഇരയെ ക്രൂരമായി അക്രമിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
aa

