കടലിൻ്റെ കാഴ്ചകളുമായി ദൗ ഫെസ്റ്റിവൽ; 15-ാമത് കതാറ ദൗ ഫെസ്റ്റിവൽ ഡിസംബർ 18 വരെ തുടരും
ഷീബ വിജയ൯
ദോഹ: ഖത്തറിൻ്റെ സമുദ്ര പൈതൃകങ്ങളുടെ പ്രകടനവുമായി 15-ാമത് കതാറ ദൗ ഫെസ്റ്റിവൽ (പായക്കപ്പൽ മേള) കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനിൽ പുരോഗമിക്കുന്നു. കതാറയിലെ ബീച്ചിൻ്റെ തെക്ക് ഭാഗത്തായി വൈകീട്ട് 3 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. ഡിസംബർ 18 വരെ ഫെസ്റ്റിവൽ തുടരും. ഖത്തറിൻ്റെയും അറബ് ലോകത്തിൻ്റെയും കടലോര ജീവിതത്തിൻ്റെ പൈതൃകം വിളിച്ചോതുന്ന പ്രദർശനങ്ങളും വൈവിധ്യമാർന്ന പരിപാടികളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക പരിപാടികൾ, കലാകാരന്മാരുടെ പ്രദർശനങ്ങൾ, ശിൽപശാലകൾ, വിവിധ മത്സരങ്ങൾ എന്നിവ നടക്കും. ഖത്തറിനു പുറമെ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ., ഫലസ്തീൻ, ഇന്ത്യ, ഇറാൻ, താൻസനിയ, ഇറാഖ്, സുഡാൻ എന്നിങ്ങനെ 12 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ വർഷം പങ്കെടുക്കുന്നു. സുഡാൻ ആദ്യമായാണ് ഫെസ്റ്റിവലിൻ്റെ ഭാഗമാകുന്നത്.
സമുദ്രയാത്രക്കാരുടെ ചരിത്രവും പൂർവികരുടെ ജീവിതത്തെയും പ്രതിഫലിപ്പിക്കുന്ന അമൂല്യ വസ്തുക്കൾ പ്രദർശിപ്പിക്കുന്ന 'ഖത്തരി ഹെറിറ്റേജ് കളക്ഷൻ' എന്ന പവലിയൻ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു. മുത്തും പവിഴവും കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണവും വിൽപനയും, ചിപ്പിയിൽ നിന്ന് മുത്തെടുക്കുന്ന രീതിയിൽ പകർന്നു നൽകലും മേളയുടെ ആകർഷണമാണ്. പരമ്പരാഗത സമുദ്രയാന കലകളും തുഴച്ചിൽ, മത്സ്യബന്ധന മത്സരങ്ങളും ഫെസ്റ്റിൻ്റെ ഭാഗമാണ്.
ghhgffg
