വിദേശത്തുള്ള സ്വദേശികളെ തിരിച്ചെത്തിച്ച് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദേശത്തുള്ള ബഹ്‌റൈൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ വിദേശകാര്യ മന്ത്രാലയം ഊർജിതമാക്കി. ജിസിസി രാജ്യങ്ങളിലെ കര അതിർത്തികൾ വഴി സ്വദേശികൾക്ക് സുഗമമായി മടങ്ങിവരാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
ബഹ്‌റൈനിലെ വിവിധ ഔദ്യോഗിക വകുപ്പുകളുമായും മറ്റ് ജിസിസി രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികൃതരുമായും സഹകരിച്ചാണ് മന്ത്രാലയം ഈ നീക്കങ്ങൾ നടത്തുന്നത്. ജിസിസി രാജ്യങ്ങളിലുള്ള ബഹ്‌റൈൻ എംബസികൾ അവിടങ്ങളിലെ പൗരന്മാരുടെ സാഹചര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. അതിർത്തി കടന്നുള്ള യാത്രകൾ സുഗമമാക്കുന്നതിനും പൗരന്മാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുമായി എംബസികൾ മുഴുവൻ സമയവും പ്രവർത്തിച്ചുവരികയാണ്.
വിദേശത്തുള്ള പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ മന്ത്രാലയത്തിന് കീഴിലുള്ള കോൺടാക്ട് ആൻഡ് ഫോളോ-അപ്പ് സെന്റർ 24 മണിക്കൂറും സജ്ജമാണ്. ഏത് അടിയന്തര സാഹചര്യത്തിലും വേഗത്തിൽ പ്രതികരിക്കാനും പൗരന്മാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദേശത്തുള്ള എല്ലാ ബഹ്‌റൈൻ പൗരന്മാരും തങ്ങളുടെ താമസസ്ഥലവും ബന്ധപ്പെടാനുള്ള വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ലിങ്ക് വഴി (https://registration.mofaservices.gov.bh/) രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം വീണ്ടും അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി വിദേശത്തുള്ള ബഹ്‌റൈൻ മിഷനുകളുമായോ അല്ലെങ്കിൽ മന്ത്രാലയത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറിലോ (0097317227555) ബന്ധപ്പെടാവുന്നതാണ്.
dgdfg


