102 മിസൈലുകളും 173 ഡ്രോണുകളും തകർത്തു; ഇറാന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന ഹീനമായ ഭീകരാക്രമണങ്ങളെ രാജ്യം സധൈര്യം പ്രതിരോധിക്കുകയാണ്. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 102 മിസൈലുകളും 173 ഡ്രോണുകളും ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ (BDF) അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ജനറൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു. സൈനികരുടെ അതീവ ജാഗ്രതയും പ്രവർത്തനക്ഷമതയുമാണ് തുടർച്ചയായുള്ള ഈ ആക്രമണതരംഗങ്ങളെ വിജയകരമായി നേരിടാൻ സഹായിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ ആകാശസീമ സുരക്ഷിതമായി നിലനിർത്തുന്നതിൽ സൈനികർ പ്രകടിപ്പിക്കുന്ന പോരാട്ടവീര്യത്തിൽ ജനറൽ കമാൻഡ് അഭിമാനം രേഖപ്പെടുത്തി. സൈന്യത്തിന്റെ ഈ കരുത്തുറ്റ പ്രവർത്തനം രാജ്യത്തിന് ആത്മവിശ്വാസവും സുരക്ഷാബോധവും നൽകുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യം വെച്ച് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും, ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്‌റൈൻ ചൂണ്ടിക്കാട്ടി.
അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ കമാൻഡ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തകർന്നുവീണ അവശിഷ്ടങ്ങൾ ഉള്ള സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും വിട്ടുനിൽക്കണം. സൈനിക നീക്കങ്ങളോ തകർന്ന സ്ഥലങ്ങളോ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.
്ിേ്ി


