ലോകകപ്പ് യോഗ്യത ഉറപ്പിക്കാനൊരുങ്ങി ഖത്തർ; ഹസൻ അൽ ഹൈദൂസ് വീണ്ടും ദേശീയ ടീമിൽ

ഷീബ വിജയൻ
ദോഹ: അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ താരം ഹസൻ അൽ ഹൈദൂസിനെ ഒരു വർഷത്തിനു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് ഖത്തർ. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത പ്ലേ ഓഫ് മത്സരങ്ങളിൽ താരം കളിക്കുമെന്ന് ഖത്തർ ഫുട്‌ബാൾ അസോസിയേഷൻ (ക്യു.എഫ്.എ) അറിയിച്ചു. പുതിയ ഖത്തർ ദേശീയ ടീം പരിശീലകൻ ജൂലൻ ലോപ്റ്റെഗിയുടെ അഭ്യർഥനയെ തുടർന്നാണ് വെറ്ററൻ സ്ട്രൈക്കറുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്. കടുപ്പമേറിയ മത്സരങ്ങൾക്ക് മുമ്പ് പഴയ ടീം ക്യാപ്റ്റൻ കൂടിയായ ഹൈദൂസിന്റെ പ്രഭാവം ടീമിലേക്ക് കൊണ്ടുവരുക എന്നതാണ് ലോപ്റ്റെഗിയുടെ ലക്ഷ്യം. 2026 ലോകകപ്പ് യോഗ്യത പ്ലേ ഓഫ് മത്സരങ്ങർക്ക് ഹസൻ അൽ ഹൈദൂസ് ടീമിന്റെ മുൻപന്തിയിലുണ്ടാകുമെന്നും പരിചയസമ്പന്നരായ കളിക്കാരിലൂടെ ടീമിനെ ശക്തിപ്പെടുത്താനാണ് പരിശീലകൻ ലോപ്റ്റെഗിയുടെ ശ്രമമെന്നും ക്യു.എഫ്.എ പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് ഹൈദൂസ്. 183 മത്സരങ്ങളിൽനിന്നായി 43 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ഖത്തറിനെ രണ്ടുതവണ ഏഷ്യ കപ്പ് കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം. ഇതിന് പിന്നാലെ 2024 മാർച്ചിലായിരുന്നു 16 വർഷത്തെ കരിയർ അവസാനിപ്പിച്ച് ഹൈദൂസ് അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിച്ചെങ്കിലും ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ് അൽ സദ്ദിനായി ഇപ്പോഴും ഹൈദൂസ് കളിക്കുന്നുണ്ട്. അടുത്തിടെ ഹൈദൂസിന്റെ കരാർ ടീം പുതുക്കിയിരുന്നു. അമേരിക്കയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിലേക്കുള്ള ടിക്കറ്റാണ് 34കാരനായ ഹൈദൂസിനെ ടീമിലെത്തിക്കുന്നതിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്. വലിയ ടൂർണമെന്റുകളിൽ അനുഭവസമ്പന്നനായ ഹൈദൂസിന്റെ സാന്നിധ്യം ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.
SAASDASASDASD