പാർക്കിംഗ് ഷെഡുകൾക്ക് ഇനി പണം ഈടാക്കും
മസ്കത്ത് : തലസ്ഥാന നഗരിയിലും നഗരത്തിന് പുറത്തും കെട്ടിടങ്ങളോട് ചേർന്ന് നിർമ്മിക്കുന്ന പാർക്കിംഗ് ഷെഡുകൾക്ക് പണം ഈടാക്കാൻ നീക്കം. ഒറ്റ തവണയാണ് തുക നൽകേണ്ടത്. ഇത് സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് മസ്കത്ത് നഗരസഭയ്ക്ക് ലഭിച്ചു. കെട്ടിട ഉടമകൾക്ക് മേൽ അധിക സാന്പത്തിക ചുമതല ഇതു കാരണമാകും.
പുതിയ ഷെഡുകൾക്ക് മുൻകൂർ അനുമതി തേടണം. കെട്ടിട ഉടമകളുടെ കൈവശമുള്ള സ്ഥലത്താണെങ്കിലും ഷെഡ് നിർമ്മിക്കാൻ അനുമതി വേണം. 60 റിയാലാണ് ഓരോ ഷെഡുകൾക്കും അടയ്ക്കേണ്ടതെന്ന് നഗരസഭ അറിയിച്ചു. നിയമം ലംഘിച്ചാൽ 100 റിയാൽ പിഴ ഈടാക്കും. ഷെഡുകൾ പൊളിച്ച് നീക്കുമെന്നും നഗരസഭ അറിയിച്ചു.
വാഹനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് താമസ കെട്ടിടങ്ങളോട് ചേർന്ന് പാർക്കിംഗ് ഷെഡുകൾ നിർമ്മിക്കുന്നത് പതിവാണ്. വില്ലകൾക്ക് സമീപത്താണ് പാർക്കിംഗ് ഷെഡുകൾ കൂടുതലായി നിർമിക്കാറുള്ളത്. എന്നാൽ, പുതിയ ഉത്തരവ് വന്നതോടെ കെട്ടിട ഉടമകൾ 60 റിയാൽ താമസക്കാരിൽ നിന്ന് ഈടാക്കിയേക്കും.
അതേസമയം, ഇനി മുതൽ പ്രധാന റോഡുകളോട് ചേർന്നുള്ളതോ രണ്ട് വരിപ്പാതയ്ക്ക് സമീപത്തുള്ളതോ ആയ താമസ കെട്ടിടങ്ങൾക്ക് ഷെഡുകൾ നിർമ്മിക്കാൻ അനുമതി നൽകില്ലെന്നും മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കുന്നു.



