ടിക് ടോക് സൗഹൃദം ചതിയായി; ബഹ്‌റൈനി യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രവാസിയുടെ വിധി മെയ് 18ന്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ടിക് ടോക് വഴിയുള്ള സൗഹൃദം നടിച്ച് ബഹ്‌റൈനി യുവതിയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയുടെ അപ്പീൽ മെയ് 18-ന് കോടതി വിധി പറയാനായി മാറ്റി. നേരത്തെ ക്രിമിനൽ കോടതി പ്രതിക്ക് ഒരു വർഷം തടവും ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈ ക്രിമിനൽ അപ്പീൽ കോടതി വിധി പ്രസ്താവിക്കുക.
ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്ന പ്രതി യുവതിയുമായി ടിക് ടോക് വഴിയാണ് സൗഹൃദത്തിലായത്. ഈ ബന്ധം മുതലെടുത്ത് ഇയാൾ യുവതിയിൽ നിന്ന് 750 ബഹ്‌റൈൻ ദിനാർ കടമായി വാങ്ങി. എന്നാൽ പണം തിരികെ ചോദിച്ചപ്പോൾ ഇയാൾ ഒഴിഞ്ഞുമാറാൻ തുടങ്ങി. പണം വാങ്ങിയ കാര്യം ഇയാൾ സമ്മതിക്കുന്ന ശബ്ദരേഖ യുവതി ഇതിനിടെ ഫോണിൽ റെക്കോർഡ് ചെയ്തു.
തുടർന്ന് ജുഫൈർ ഏരിയയിൽ വെച്ച് യുവതിയുടെ കാറിനുള്ളിൽ വെച്ചുണ്ടായ തർക്കമാണ് അക്രമാസക്തമായത്. ശബ്ദരേഖ കൈക്കലാക്കാൻ ശ്രമിച്ച പ്രതി യുവതിയുടെ ഫോൺ തട്ടിയെടുക്കുകയും പാസ്‌കോഡ് നൽകാത്തതിനെത്തുടർന്ന് മുഖത്ത് രണ്ട് തവണ ക്രൂരമായി അടിക്കുകയും ചെയ്തു. തുടർന്ന് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ തുടയിൽ കുത്തി പരിക്കേൽപ്പിച്ചു. ഭയന്നുപോയ യുവതി പാസ്‌കോഡ് നൽകിയതോടെ പണം വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകൾ ഇയാൾ നശിപ്പിക്കുകയും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് യുവതിയുടെ പരാതിയിൽ പിടിയിലായ പ്രതിക്ക് കോടതി നേരത്തേ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
sdfdsf



