"നമ്മുടെ ഊർജ്ജം, നമ്മുടെ ഗ്രഹം"; പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: "നമ്മുടെ ഊർജ്ജം, നമ്മുടെ ഗ്രഹം" എന്ന പ്രമേയത്തിൽ 2026-ലെ ലോക ഭൂമിദിനം ആഗോളതലത്തിൽ ആചരിക്കുമ്പോൾ, സുസ്ഥിര വികസനത്തിൽ വലിയ മുന്നേറ്റവുമായി ബഹ്‌റൈൻ. കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന ചൂട്, ശുദ്ധജല ദൗർലഭ്യം തുടങ്ങിയ വെല്ലുവിളികൾക്കിടയിലും പരിസ്ഥിതി സംരക്ഷണം ദേശീയ മുൻഗണനയായി രാജ്യം ഏറ്റെടുത്തിരിക്കുകയാണ്.
ബഹ്‌റൈന്റെ വനവൽക്കരണ പദ്ധതികളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ശക്തമായി തുടരുകയാണെന്ന് മുനിസിപ്പാലിറ്റി-കൃഷി മന്ത്രി എൻജിനീയർ വായേൽ ബിൻ നാസർ അൽ മുബാറക് വ്യക്തമാക്കി. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും മാർഗ്ഗനിർദ്ദേശപ്രകാരം 'നാഷണൽ കാർബൺ ന്യൂട്രാലിറ്റി പ്ലാൻ' ഉൾപ്പെടെയുള്ള നിർണ്ണായക പദ്ധതികൾ രാജ്യം നടപ്പിലാക്കി വരികയാണ്.
2035-ഓടെ 36 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ബഹ്‌റൈൻ വേഗത്തിൽ അടുക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതിനകം ഏകദേശം 24 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞു, അതായത് ലക്ഷ്യത്തിന്റെ 67 ശതമാനവും പൂർത്തിയായി. കടൽതീരങ്ങളിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള 'ബഹ്‌റൈൻ മാൻഗ്രോവ്സ്' പദ്ധതിയും വൻ വിജയമാണ്. 22 ലക്ഷം കണ്ടൽത്തൈകൾ നട്ടുപിടിപ്പിച്ചതിലൂടെ ലക്ഷ്യമിട്ടതിനേക്കാൾ 138 ശതമാനം നേട്ടം കൈവരിക്കാൻ സാധിച്ചു.
പരിസ്ഥിതി സംരക്ഷണത്തിൽ ഭരണകൂടത്തിനൊപ്പം പൊതുജനങ്ങളും സജീവമായി അണിനിരക്കുന്നുണ്ട്. കർബാബാദ്, മാൽക്കിയ, അംവാജ്, നൂറാന ഐലൻഡ് എന്നിവിടങ്ങളിൽ ബീച്ച് ശുചീകരണവും ബോധവൽക്കരണ പരിപാടികളും നടന്നു. പ്രവാസി സമൂഹവും ഭൂമിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. പരിസ്ഥിതി സംരക്ഷണം എന്നത് ഒരു ദിവസത്തെ മാത്രം പ്രവർത്തനമല്ലെന്നും, വെള്ളം ലാഭിച്ചും ഊർജ്ജ ഉപഭോഗം കുറച്ചും പ്ലാസ്റ്റിക് ഒഴിവാക്കിയും ഓരോ വ്യക്തിയും ഇത് നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആഹ്വാനം ചെയ്തു.
ssdff



