എംബസിയുടെ പേരിൽ വ്യാജ ഫോൺവിളികൾ: ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന പൗരന്മാരെ ഫോണിൽ വിളിച്ച് പണം തട്ടാൻ ശ്രമിക്കുന്നതിനെതിരെ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ഔദ്യോഗിക നമ്പറെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ (+911123017160) സാങ്കേതിക വിദ്യ ഉപയോഗിച്ച് നമ്പർ മാറ്റം വരുത്തിയാണ് തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നത്.
പാസ്‌പോർട്ട്, വിസ അപേക്ഷകൾ അല്ലെങ്കിൽ ഇമിഗ്രേഷൻ രേഖകളിൽ പ്രശ്നങ്ങളുണ്ടെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് സംഘം സംസാരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നോ ജയിലിലടയ്ക്കുമെന്നോ ഇവർ ഭീഷണിപ്പെടുത്തുന്നു. എന്നാൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഫോണിലൂടെ വ്യക്തിഗത വിവരങ്ങളോ പണമോ ആവശ്യപ്പെടാറില്ലെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ രേഖകൾ ആവശ്യമുണ്ടെങ്കിൽ @mea.gov.in എന്ന ഡൊമെയ്‌നിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ വഴി മാത്രമേ എംബസി ബന്ധപ്പെടുകയുള്ളൂ.
അപരിചിതമായ കോളുകൾക്ക് മറുപടിയായി ബാങ്ക് വിവരങ്ങളോ പണമോ കൈമാറരുത്. ഇത്തരം തട്ടിപ്പ് കോളുകൾ ലഭിക്കുന്നവർ wel2.bahrain@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ പ്രാദേശിക പോലീസിലോ ഉടൻ വിവരം അറിയിക്കണമെന്നും എംബസി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
dfsdf



