സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് ശമ്പളം നൽകാൻ ഇൻഷുറൻസ് ഫണ്ട്; വായ്പാ തിരിച്ചടവ് നീട്ടാനും പാർലമെന്റ് ശുപാർശ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പ്രാദേശിക പ്രതിസന്ധികൾക്കിടയിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക ബില്ലുകൾ ബഹ്‌റൈൻ പാർലമെന്റ് പാസാക്കി. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം നൽകുന്നതിനായി തൊഴിലില്ലായ്മ ഇൻഷുറൻസ് ഫണ്ടിലെ മിച്ചം ഉപയോഗിക്കാനുള്ള സർക്കാർ ബില്ലിന് സഭ അംഗീകാരം നൽകി.
ഏകദേശം 1.05 ലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി 94 മില്യൺ ബഹ്‌റൈൻ ദിനാറോളം ചെലവ് വരുമെന്ന് പാർലമെന്ററി സമിതി വിലയിരുത്തി. സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്ന കമ്പനികൾക്ക് ജീവനക്കാരെ പിരിച്ചുവിടുന്നത് ഒഴിവാക്കാനും ശമ്പളം മുടങ്ങാതെ നൽകാനും ഈ നീക്കം സഹായിക്കുമെന്ന് എംപി അഹമ്മദ് അൽ സല്ലൂം പറഞ്ഞു. അതേസമയം, സഹായം നൽകുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്ന് എംപി ബാസിമ മുബാറക് ആവശ്യപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തിൽ പൗരന്മാർക്ക് ആശ്വാസമായി ബാങ്ക് വായ്പകളുടെയും കടങ്ങളുടെയും തിരിച്ചടവ് മാറ്റിവെക്കാനുള്ള അടിയന്തര പ്രമേയവും സഭ അംഗീകരിച്ചു. അധിക പലിശയോ ഫീസോ ഈടാക്കാതെ തിരിച്ചടവിന് സാവകാശം നൽകാനാണ് നിർദ്ദേശം. ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെയും കുടുംബ ബജറ്റിനെയും ബാധിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. തിരിച്ചടവ് താൽക്കാലികമായി നിർത്തുന്നത് വഴി ജനങ്ങളുടെ കൈവശം പണം ലഭ്യമാക്കാനും വിപണിയിലെ മന്ദത ഒഴിവാക്കാനും സാധിക്കുമെന്ന് എംപിമാർ ചൂണ്ടിക്കാട്ടി. ഹനാൻ ഫർദാൻ ഉൾപ്പെടെ അഞ്ച് എംപിമാരാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
തൊഴിലില്ലായ്മ കണക്കുകളെയും ഭിന്നശേഷിക്കാരുടെ തൊഴിൽ പങ്കാളിത്തത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൊഴിൽ മന്ത്രി യൂസഫ് ഖലാഫ് പാർലമെന്റിൽ മറുപടി നൽകി. ഉദ്യോഗാർത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം തൊഴിൽ വിപണിയുടെ ചലനാത്മകതയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2025 സെപ്റ്റംബറിലെ നിർദ്ദേശപ്രകാരം 17,831 ഉദ്യോഗാർത്ഥികളെയാണ് ആദ്യം രേഖപ്പെടുത്തിയത്. അതിനുശേഷം 4,746 പേർക്ക് ജോലി ലഭിച്ചെങ്കിലും പുതിയ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതിനാൽ മൊത്തം എണ്ണത്തിൽ കുറവ് പ്രതിഫലിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ സംവരണം നടപ്പിലാക്കാൻ സാമൂഹിക വികസന മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും മന്ത്രി കൂട്ടിചേർത്തു.
സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ ജനങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സംവിധാനത്തിന് പാർലമെന്റ് അനുമതി നൽകി. എല്ലാ സർക്കാർ വകുപ്പുകളും കൃത്യമായ ഇടവേളകളിൽ ഓൺലൈനായോ നേരിട്ടോ പൊതുജനങ്ങളുമായി സംസാരിക്കണമെന്നും പരാതി പരിഹാരത്തിന് പ്രത്യേക പ്ലാറ്റ്‌ഫോം വേണമെന്നുമാണ് നിർദ്ദേശം. സുതാര്യത വർദ്ധിപ്പിക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ffdgg



