നഴ്സ് റിക്രൂട്ട്മെന്റ് : ഒഡെപെക് സംഘം നാളെ കുവൈത്തിൽ
കുവൈത്ത് സിറ്റി : കേരള തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ കുവൈത്തിലെ നഴ്സ് നിയമനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒഡെപെക് സംഘം നാളെ കുവൈത്തിൽ എത്തിച്ചേരും. ഇന്ത്യയിൽനിന്ന് നഴ്സിംഗ് റിക്രൂട്ട്മെന്റിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ ആറ് ഏജൻസികളിൽ ഒന്നാണ് കേരളത്തിൽനിന്നുള്ള ഒഡെപെക്. തിങ്കളാഴ്ച കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായി ഒഡെപെക് സംഘം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
തമിഴ്നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ്, ഉത്തർ പ്രദേശിലെ യുപി ഫിനാൻഷ്യൽ കോർപറേഷൻ, തെലങ്കാനയിലെ തെലങ്കാന ഓവർസീസ് മാൻപവർ കന്പനി, ആന്ധ്രാപ്രദേശിലെ മാൻപവർ കന്പനി എന്നിവയാണ് കേന്ദ്ര സർക്കാർ അംഗീകാരമുള്ള മറ്റ് ഏജൻസികൾ.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി തേടിയാണ് ഒഡെപെക് സംഘത്തിന്റെ സന്ദർശനം. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ എൻ. ശശിധരൻ നായർ, മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജനറൽ മാനേജർ സജു സുലോചന സോമദേവ് എന്നിവരാണ് സംഘത്തിൽ ഉള്ളത്.
നേരിട്ടുള്ള നിയമനത്തിന് കരാർ ലഭിക്കുകയാണെങ്കിൽ പ്രാവർത്തികമാക്കുന്ന രീതി സംബന്ധിച്ച് ഇന്ത്യൻ എംബസി മുഖേന ആരോഗ്യമന്ത്രാലയം ഇന്ത്യൻ ഏജൻസികളോട് വിശദീകരണം തേടിയിരുന്നു.
ഒഡെപെകും നോർക്കയും ഉൾപ്പെടെ ആറ് ഏജൻസികളും അത് സംബന്ധിച്ച് വിശദ മറുപടിയും നൽകി. റിക്രൂട്ട്മെന്റ് അംഗീകാരത്തിനുള്ള നടപടികൾക്ക് വേഗം കൈവരുത്തുക എന്നതാണ് സംസ്ഥാന തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒഡെപെക് സംഘത്തിന്റെ സന്ദർശന ലക്ഷ്യം. കുവൈത്തിലെ സ്വകാര്യ ഏജൻസികൾ മുഖേനയായിരുന്നു വിദേശങ്ങളിൽനിന്നുള്ള നഴ്സുമാരെ റിക്രൂട്ട് ചെയ്തിരുന്നത്.
കുവൈത്തിലെ ഏജൻസി ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ സ്വകാര്യ ഏജൻസികൾക്ക് ഉപകരാർ നൽകുകയും അവർ മുഖേന റിക്രൂട്ട്മെന്റ് നടത്തുകയും ചെയ്തു. സ്വകാര്യ ഏജൻസികൾ മുഖേനയുള്ള റിക്രൂട്ട്മെന്റ് സംബന്ധിച്ച് പരാതികൾ വ്യാപകമായതിനെ തുടർന്നാണ് ഇന്ത്യയിൽ റിക്രൂട്ട്മെന്റ് അംഗീകാരം സർക്കാർ ഏജൻസികൾക്ക് മാത്രമായി നൽകിയത്.
ഗവൺമെന്റ് ടു ഗവൺമെന്റ് ഇടപാട് എന്നതിലാണ് കുവൈത്ത് സർക്കാരിനും ഇപ്പോൾ താൽപ്പര്യം എന്നാണ് സൂചന. കുവൈത്തിലെ ഏജൻസി എന്നതിന് പകരം വിദേശങ്ങളിലെ അംഗീകൃത ഏജൻസിയുമായി നേരിട്ടുള്ള ഇടപാടായാൽ ക്രമക്കേടുകൾ കുറയ്ക്കാമെന്ന ധാരണയും ശക്തമായിട്ടുണ്ട്.



