ഇറാനുമായുള്ള ബന്ധം പൂർണ്ണമായും വിച്ഛേദിക്കണം: ബഹ്‌റൈൻ പാർലമെന്റിൽ അടിയന്തര പ്രമേയം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാനുമായുള്ള എല്ലാവിധ നയതന്ത്ര, സാമ്പത്തിക, വ്യാപാര ബന്ധങ്ങളും അടിയന്തരമായി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചു. ഇന്നലെ നടന്ന സമ്മേളനത്തിൽ എംപിമാരാണ് സർക്കാരിനോട് ഈ കർശന നിലപാട് സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. ഇറാനിയൻ ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതിനൊപ്പം രാഷ്ട്രീയവും നയതന്ത്രപരവും കായികവുമായുള്ള എല്ലാ സഹകരണങ്ങളും അവസാനിപ്പിക്കണമെന്നതാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.

എംപി മുഹമ്മദ് അൽ ഒലൈവിയും മറ്റ് നാല് അംഗങ്ങളും ചേർന്നാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇറാനിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണ്ണമായും തടയണമെന്നും വാണിജ്യ ഇടപാടുകൾ ഉടനടി നിർത്തിവെച്ച് സമ്പൂർണ്ണ വ്യാപാര ബഹിഷ്‌കരണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. നിലവിൽ പ്രാദേശിക വിപണിയിലുള്ള ഇറാനിയൻ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനോ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനോ സ്വകാര്യ കമ്പനികൾക്ക് നിശ്ചിത സമയം അനുവദിക്കാമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. കൂടാതെ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വിമാന-കപ്പൽ ഗതാഗത മാർഗ്ഗങ്ങളും റദ്ദാക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

ബഹ്‌റൈൻ, മറ്റ് ഗൾഫ് രാജ്യങ്ങൾ, ജോർദാൻ എന്നിവയ്ക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്ന് വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇറാന്റെ ശത്രുതാപരമായ നയങ്ങളും ഇടപെടലുകളും രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ്. ആഭ്യന്തര സുരക്ഷ സംരക്ഷിക്കുന്നതിനും അയൽരാജ്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നതിനും ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

article-image

ddssd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed