സ്പോർട്സ് ക്ലബ്ബുകൾക്ക് ആശ്വാസം: കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ പാർലമെന്റ് അംഗീകാരം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ സ്പോർട്സ് ക്ലബ്ബുകൾക്ക് കീഴിലുള്ള കായിക സൗകര്യങ്ങളെ സർക്കാരിന്റെ വൈദ്യുതി സബ്‌സിഡി പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി. ക്ലബ്ബുകൾക്കും കമ്മ്യൂണിറ്റി കായിക സംഘടനകൾക്കും മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം.

എംപി മൊഹ്‌സിൻ അൽ അസ്ബൂലും മറ്റ് ജനപ്രതിനിധികളും ചേർന്നാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. നിലവിൽ കുറഞ്ഞ വരുമാനമുള്ള പല സ്പോർട്സ് ക്ലബ്ബുകളെയും വാണിജ്യ സ്ഥാപനങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനാൽ തന്നെ ക്ലബ്ബുകൾക്ക് ഭീമമായ വൈദ്യുതി, ജല ബില്ലുകൾ നൽകേണ്ടി വരുന്നു. ഇത് ക്ലബ്ബുകളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ടെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.

ദേശീയ തലത്തിലും പ്രദേശിക തലത്തിലും പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്പോർട്സ് ക്ലബ്ബുകളുടെ ടാരിഫ് തരം തിരിവ് പുനഃപരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഈ സൗകര്യങ്ങളെ സബ്‌സിഡി ലഭിക്കുന്ന കാറ്റഗറിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. മിക്ക ക്ലബ്ബുകളും യുവാക്കൾക്കും സമൂഹത്തിനും വേണ്ടിയുള്ള സേവന കേന്ദ്രങ്ങളായാണ് പ്രവർത്തിക്കുന്നത്. ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളല്ലാത്തതിനാൽ തന്നെ വലിയ തോതിലുള്ള യൂട്ടിലിറ്റി ചാർജുകൾ താങ്ങാൻ ഇവയുടെ ബജറ്റ് അനുവദിക്കുന്നില്ലെന്ന് മൊഹ്‌സിൻ അൽ അസ്ബൂൽ പറഞ്ഞു.

പരിശീലനത്തിനും യുവജനങ്ങളുടെ കായിക വിനോദങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഇടങ്ങളാണ് സ്പോർട്സ് ഗ്രൗണ്ടുകളും ജിമ്മുകളും. അത്യാവശ്യമായ ഇത്തരം സാമൂഹിക ഇടങ്ങളുടെ നിലനിൽപ്പിന് വൈദ്യുതി നിരക്കിലെ കുറവ് വലിയ സഹായമാകുമെന്ന് പാർലമെന്റ് വിലയിരുത്തി.

article-image

sgdsgds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed