ബഹ്റൈൻ ഭരണകൂടത്തിന് ഐക്യദാർഢ്യം: 24 മണിക്കൂറിനുള്ളിൽ ഓൺലൈൻ പ്രതിജ്ഞ ഒപ്പിട്ടത് രണ്ട് ലക്ഷം പേർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പ്രാദേശിക രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് ബഹ്‌റൈൻ അസോസിയേഷൻ ഫോർ റിലീജിയസ് കോ എക്സിസ്റ്റൻസ് ആൻഡ് ടോളറൻസ് ആരംഭിച്ച ഓൺലൈൻ പ്രതിജ്ഞയ്ക്ക് വൻ സ്വീകാര്യത. 'വലാ' (Walaa) എന്ന പ്ലാറ്റ്‌ഫോം വഴി 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തിലധികം പേരാണ് ഭരണകൂടത്തോടുള്ള കൂറ് പ്രഖ്യാപിച്ച് ഒപ്പിട്ടത്.
ഇറാനിയൻ കടന്നുകയറ്റ ശ്രമങ്ങൾക്കെതിരെ ബഹ്‌റൈൻ നേതൃത്വം നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതാണ് ഈ പ്രതിജ്ഞ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളെ തള്ളിക്കളയുന്നതായും പൗരന്മാരും താമസക്കാരും ഒരേപോലെ ഭരണകൂടത്തിന് പിന്നിൽ അണിനിരക്കുന്നുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് യൂസിഫ് ബു സബൂൺ പറഞ്ഞു. കൂടുതൽ ആളുകളിലേക്ക് എത്തുന്നതിനായി മലയാളം ഉൾപ്പെടെ 38 ഭാഷകളിൽ ഈ ഓൺലൈൻ പ്രതിജ്ഞാ പത്രം ലഭ്യമാക്കിയിട്ടുണ്ട്. taayoush.com എന്ന വെബ്‌സൈറ്റ് വഴി പേരും ഫോൺ നമ്പറും നൽകി ആർക്കും ഈ ഐക്യദാർഢ്യത്തിൽ പങ്കുചേരാം.
ദേശീയ സുരക്ഷാ കാര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിനും ഡിഫൻസ് ഫോഴ്സിനും പിന്തുണ നൽകുന്നതിനൊപ്പം, വ്യാജവാർത്തകളെ പ്രതിരോധിക്കാനും നിയമങ്ങൾ പാലിച്ച് രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളാകാനും പൗരന്മാരോടും പ്രവാസികളോടും സംഘടന ആഹ്വാനം ചെയ്തു. സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ ബഹ്‌റൈൻ സമൂഹത്തിന്റെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
dgfg



