ഗൾഫ്‌ രാജ്യങ്ങളിലെ ആദ്യ വനിതാ പഞ്ചാരിമേളം ടീം അരങ്ങേറ്റം കുറിച്ചു


മസ്കറ്റ് : മസ്കറ്റിലെ മേളാസ്വാദകരുടെ പ്രമുഖ കൂട്ടായ്മയായ മേളം മസ്കറ്റിന്റെ പാഞ്ചാരിമേളം 3 ആം ബാച്ചിന്റെ അരങ്ങേറ്റം ദാർസ്സൈറ്റ്‌ ജെ. എം. ടി ഹാളിൽ വച്ചു നടന്നു. മേളം ആസ്വദിക്കുന്നവരും കൊട്ടാൻ അറിയുന്നവരുമായ കുറച്ചുപേർ ചേർന്ന് 2015 ൽ പ്രസാദ്‌ ഐയിലൂർ എന്ന ആശാന്റെ നേതൃത്ത്വത്തിലാണ്‌ മേളം മസ്കറ്റ്‌ ആരംഭിച്ചത്‌. തുടർന്ന് പാഞ്ചാരിമേളം ക്ലാസ്സുകൾ ആരംഭിക്കുകയും 2016 ൽ 13 പേരുള്ള ആദ്യബാച്ച്‌ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

2017 ൽ 11 പേരുള്ള രണ്ടാമത്തെ ബാച്ചും കഴിഞ്ഞ ഉടനെയാണ്‌ 5 പേരുള്ള വനിതകൾ മാത്രമുള്ള 3 ആം ബാച്ച്‌ ആരംഭിച്ചത്‌. 4 മത്തെ ബാച്ച്‌ വരുന്ന സെപ്റ്റംബർ മാസത്തിൽ പഠനം പൂർത്തിയാകും. ശിങ്കാരിമേളം എല്ലാ ഗൾഫ്‌ രാജ്യങ്ങളിലും വനിതകൾ അവതരിപ്പിക്കാറുണ്ടെങ്കിലും , ഒരുവർഷത്തെ പൂർണ്ണമായ അധ്യയനത്തിനുശേഷം പൂർണ്ണമായ ആത്മസമർപ്പണത്തോടെ പാഞ്ചാരിമേളം അവതരിപ്പിക്കപ്പെടുന്നത്‌ ആദ്യമാണ്‌. സുധാ ഗോപകുമാർ, നീതു അനിൽ, ഗീതാ ഹരി, രമ്യാ ജോതിഷ്‌, ആതിര ഗിരീഷ്‌ എന്നിവരാണ്‌ അരങ്ങേറ്റം കുറിച്ചത്‌.

You might also like

Most Viewed