പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി വേണം: കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കാണും
ഷീബ വിജയൻ
പി.ജെ. ജോസഫിന് അർഹമായ പദവികൾ വൈകുന്നതിൽ കേരള കോൺഗ്രസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. അധികാരത്തിൽ എത്തിയത് മുതൽ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാത്തതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിുവെച്ചിരിക്കുന്നത്. മത്സരിക്കാതെ മാറിനിന്ന ജോസഫിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി നൽകണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ആവശ്യം.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി അനുവദിച്ചെങ്കിലും പി.ജെ. ജോസഫിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇക്കര്യം മന്ത്രിസഭാ അജണ്ടയിലും ഉൾപ്പെടുത്തിയിരുന്നില്ല. മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയപ്പോൾ യുഡിഎഫ് തീരുമാനപ്രകാരമാണ് നടപടിയെന്നാണ് മറുപടി ലഭിച്ചതെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. മറ്റുള്ളവർക്ക് ക്യാബിനറ്റ് പദവി നൽകിയതിലല്ല, പി.ജെ. ജോസഫിന് പദവി ലഭിക്കാത്തതിലാണ് പാർട്ടിയുടെ അതൃപ്തിയെന്ന് വ്യക്തമാക്കിയ നേതാക്കൾ, അതൃപ്തി നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാൻ മന്ത്രി മോൻസ് ജോസഫിനെ ചുമതലപ്പെടുത്തി.
ഇന്ന് മുഖ്യമന്ത്രിയുമായി മോൻസ് ജോസഫ് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. വയോജന കമ്മീഷൻ, കാർഷിക കടാശ്വാസ കമ്മീഷൻ തുടങ്ങിയ പ്രധാന പദവികളിലൊന്ന് പി.ജെ. ജോസഫിന് നൽകണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കൂടാതെ, ബോർഡ്-കോർപറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം കേരള കോൺഗ്രസ് മുഖ്യമന്ത്രിയെ അറിയിക്കും. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പത്ത് ബോർഡ്-കോർപറേഷനുകൾ ലഭിച്ചിരുന്നതായും അതേ രീതിയിലുള്ള പരിഗണന വേണമെന്നുമാണ് പാർട്ടി ആവശ്യപ്പെടുന്നത്.
dcddfsds

