ബഹ്റൈനിലെ ഇന്ധനവില വർധനവ്: സർക്കാർ ജീവനക്കാരുടെ ട്രാൻസ്പോർട്ട് അലവൻസ് കൂട്ടണമെന്ന് എംപിമാർ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ട്രാൻസ്പോർട്ട് അലവൻസ് വർധിപ്പിക്കണമെന്ന ആവശ്യവുമായി എം.പിമാർ രംഗത്ത്. നിലവിൽ പ്രതിമാസം ലഭിക്കുന്ന 20 ബഹ്‌റൈനി ദിനാർ അലവൻസ് നിലവിലെ യാത്രാച്ചെലവുകൾ താങ്ങാൻ പര്യാപ്തമല്ലെന്നും ഇന്ധനവില വ്യതിയാനങ്ങൾക്ക് അനുസൃതമായി ഇത് നിശ്ചിത ഇടവേളകളിൽ പരിഷ്കരിക്കാനുള്ള സ്ഥിരം സംവിധാനം വേണമെന്നും ആവശ്യപ്പെട്ട് എം.പിമാരായ ഹിഷാം അബ്ദുൽ അസീസ് അൽ അവാധിയും ഖാലിദ് സാലിഹ് ബു ഒങ്കും പാർലമെന്റിൽ അടിയന്തര പ്രമേയം സമർപ്പിച്ചു.
ഒക്ടോബർ മാസം മുതൽ ഇന്ധനവിലയിൽ വീണ്ടും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 91-ഒക്ടെയ്ൻ പെട്രോൾ ലിറ്ററിന് 225 ഫിൽസിൽ നിന്ന് 235 ഫിൽസായും, 95-ഒക്ടെയ്ൻ 247ൽ നിന്ന് 277 ഫിൽസായും ഉയർന്നു. സൂപ്പർ 98 ലിറ്ററിന് 410 ഫിൽസായും ഡീസൽ ലിറ്ററിന് 260 ഫിൽസായും വർധിച്ചു. ഡീസലിന് പ്രതിമാസം ഉണ്ടായ 31 ഫിൽസിന്റെ വർധനവ് ഏറ്റവും ഉയർന്നതാണ്. ഇന്റർനാഷണൽ മേഖലയിൽ അമേരിക്ക-ഇസ്രായേൽ, ഇറാൻ സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ ഉത്പാദനത്തിലും വിതരണത്തിലുമുണ്ടായ തടസ്സങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
ജീവനക്കാരുടെ യാത്രാച്ചെലവുകൾ, വാഹനം പരിപാലിക്കാനുള്ള ചെലവുകൾ എന്നിവ ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അലവൻസ് തുക മാറ്റമില്ലാതെ തുടരുന്നത് ശരിയല്ലെന്ന് എം.പി ഹിഷാം അൽ അവാധി വ്യക്തമാക്കി. വിദൂര സ്ഥലങ്ങളിൽ നിന്ന് ജോലിക്ക് എത്തുന്നവർക്ക് നിലവിലെ സാമ്പത്തിക സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജീവനക്കാരെ പിന്തുണയ്ക്കുക എന്നത് സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതൊരു താൽക്കാലിക വർധനവ് മാത്രമല്ലെന്നും, ഭാവിയിൽ ഇന്ധനവില കുറയുമ്പോൾ അലവൻസിലും അതിനനുസരിച്ച് മാറ്റം വരുത്താവുന്ന വിധത്തിൽ കൃത്യവും സുതാര്യവുമായ ഒരു മാനദണ്ഡം രൂപീകരിക്കുകയാണ് പ്രമേയത്തിന്റെ ലക്ഷ്യമെന്നും എം.പി ഖാലിദ് ബു ഒങ്ക് വ്യക്തമാക്കി. പ്രമേയം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം കൂടുതൽ പഠനങ്ങൾക്കായി ഫിനാൻഷ്യൽ ആന്റ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റിക്ക് കൈമാറി. വിഷയം അടുത്ത ആഴ്ച പാർലമെന്റ് പൊതുസഭ ചർച്ച ചെയ്യും.
sdfdfsdfsdsf

