ലോകോത്തര സേവനത്തിന് രാജ്യാന്തര അംഗീകാരം; ഒമാൻ വിമാനത്താവളങ്ങൾക്ക് ഒൻപത് എസിഐ പുരസ്കാരങ്ങൾ


ഷീബ വിജയൻ

ലോകോത്തര സേവനങ്ങൾക്കും മികച്ച യാത്രാനുഭവത്തിനുമുള്ള ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങൾ മസ്‌കത്ത്, സലാല വിമാനത്താവളങ്ങൾ സ്വന്തമാക്കി. എയർപോർട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ (ACI) കസ്റ്റമർ എക്സ്പീരിയൻസ് അവാർഡുകളാണ് ഇരുവിമാനത്താവളങ്ങളും നേടിയത്. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ACI വേൾഡ് എയർപോർട്ട് എക്സ്പീരിയൻസ് സമ്മിറ്റ് 2026-ലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.

യാത്രക്കാരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് വിമാനത്താവളങ്ങളുടെ മികവ് വിലയിരുത്തിയത്. മിഡിൽ ഈസ്റ്റ് വിഭാഗത്തിൽ നാല് പുരസ്കാരങ്ങളാണ് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളം നേടിയത്. പ്രതിവർഷം 50 ലക്ഷം മുതൽ ഒന്നര കോടി യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ മികച്ച ഡിപ്പാർച്ചർ എയർപോർട്ട് പുരസ്കാരം മസ്‌കത്ത് സ്വന്തമാക്കി. ഇതിന് പുറമെ മികച്ച ജീവനക്കാർ, ഏറ്റവും ആസ്വാദ്യകരമായ വിമാനത്താവളം, ഏറ്റവും വൃത്തിയുള്ള വിമാനത്താവളം എന്നീ പുരസ്കാരങ്ങളും മസ്‌കത്ത് വിമാനത്താവളത്തിന് ലഭിച്ചു. സലാല വിമാനത്താവളവും അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി. പ്രതിവർഷം 20 ലക്ഷത്തിൽ താഴെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ മികച്ച ഡിപ്പാർച്ചർ എയർപോർട്ട് പുരസ്കാരം സലാല നേടി. ഇതിന് പുറമെ മികച്ച ജീവനക്കാർ, ഏറ്റവും മികച്ച എയർപോർട്ട് യാത്രാനുഭവം, ഏറ്റവും ആസ്വാദ്യകരമായ വിമാനത്താവളം, ഏറ്റവും വൃത്തിയുള്ള വിമാനത്താവളം എന്നീ പുരസ്കാരങ്ങളും സലാല വിമാനത്താവളത്തിന് ലഭിച്ചു.

മസ്‌കത്ത്, സലാല വിമാനത്താവളങ്ങൾക്ക് ലഭിച്ച ഈ അംഗീകാരങ്ങൾ യാത്രക്കാരുടെ അനുഭവത്തിലും സേവന നിലവാരത്തിലും ഒമാൻ വിമാനത്താവളങ്ങൾ കൈവരിച്ച മികവ് കൂടുതൽ ഉറപ്പിക്കുന്നതാണ്. ഒമാൻ എയർപോർട്സ് ജീവനക്കാരുടെയും പങ്കാളികളുടെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരം കൂടിയാണിത്. യാത്രക്കാരിൽ നിന്ന് നേരിട്ട് ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് എയർപോർട്ട് സർവീസ് ക്വാളിറ്റി (ASQ) അവാർഡുകൾ നൽകുന്നത്. ACIയുടെ ASQ പദ്ധതിയിലൂടെ വിമാനത്താവളങ്ങളിൽ യാത്രക്കാരിൽ നിന്ന് തത്സമയം പ്രതികരണങ്ങൾ ശേഖരിക്കുകയും യാത്രയുടെ വിവിധ ഘട്ടങ്ങളിലെ അനുഭവങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ നിന്നായി പ്രതിവർഷം ഏഴ് ലക്ഷത്തിലധികം യാത്രക്കാരുടെ അഭിപ്രായങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്.

article-image

dfdfsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed