ഇൻഫ്ലുവൻസർ മാഡ് സന്ധുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്: പ്രതികൾ പിന്തുടർന്നെന്ന് വെളിപ്പെടുത്തൽ
ഷീബ വിജയൻ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധുവിന്റെ കൊലപാതകം ആസൂത്രിത ആക്രമണമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് മുമ്പ് പ്രതികൾ മാഡ് സന്ധുവിനെ പിന്തുടർന്നിരുന്നതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലുള്ളവരുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായി അമൃത്സർ പൊലീസ് കമീഷണർ ഹർമൻബീർ സിങ് ഗിൽ പറഞ്ഞു.
ഒക്ടോബർ മൂന്നിന് വൈകിട്ട് ലോഹാർക്ക റോഡിലെ കാർ വാഷിങ് കേന്ദ്രത്തിന് സമീപമായിരുന്നു മാഡ് സന്ധുവിന് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം സന്ധുവിന്റെ മൃതദേഹം ഞായറാഴ്ച സംസ്കരിച്ചു. കാർ വാഷിങ് കേന്ദ്രത്തിലെത്തുന്നതിന് മുമ്പ് തന്നെ പ്രതികൾ സന്ധുവിനെ പിന്തുടർന്നിരുന്നെന്നാണ് അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരം. സ്ഥലത്തെത്തിയ ശേഷം ആക്രമണം നടത്തുകയും പിന്നീട് ലോഹാർക്ക റോഡ് ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന സ്ഥലത്തും സമീപപ്രദേശങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ കൃത്യമായ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ സന്ധുവിന്റെ സോഷ്യൽ മീഡിയ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഭീഷണികളും ഉണ്ടായിരുന്നു. അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് പൊലീസ് വ്യക്തമാക്കി. മാഡ് സന്ധുവിന്റെ യഥാർഥ പേര് മധുസൂദൻ സന്ധു എന്നാണ്. മേക്കപ്പ് ആർട്ടിസ്റ്റ്, മോഡൽ, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ എന്നീ നിലകളിൽ ശ്രദ്ധ നേടിയിരുന്ന അദ്ദേഹം പഞ്ചാബിലെ എൽ.ജി.ബി.ടി.ക്യു പ്ലസ് സമൂഹത്തിലും അറിയപ്പെടുന്ന വ്യക്തിയായിരുന്നു. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ടായിരുന്നു.
dfdsfdsdfs

