റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു
ഷീബ വിജയൻ
റഷ്യയിലെ വിദൂര സൈബീരിയൻ പ്രവിശ്യയായ ഇർകുട്സ്കിൽ 28 വയസ്സുള്ള ലബോറട്ടറി ടെക്നീഷ്യൻ അതിമാരകമായ പ്ലേഗ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. രോഗവ്യാപന ഭീതിയെത്തുടർന്ന് മേഖലയിലെ അഞ്ച് പ്രധാന ആശുപത്രികൾ അധികൃതർ അടപ്പിച്ചു. മരിച്ച സ്ത്രീയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഇരുനൂറിലധികം പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഷെലെഖോവിലുള്ള ആന്റി പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ ദര്യ ഷിപിലോവ (28) ആണ് മരിച്ചത്.
പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ ജീവനുള്ള ബാക്ടീരിയകൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ കൈയിൽനിന്ന് നിലത്തുവീണ് പൊട്ടിയതിനെത്തുടർന്നാണ് ഇവർക്ക് അണുബാധയേറ്റതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശ്വാസകോശത്തെ അതീവ ഗുരുതരമായി ബാധിക്കുന്നതും വായുവിലൂടെ പകരുന്നതുമായ 'ന്യുമോണിക് പ്ലേഗ്' ആണ് ഇവർക്ക് ബാധിച്ചതെന്ന് സംശയിക്കുന്നു. സെപ്റ്റംബർ 29-ന് കടുത്ത ന്യുമോണിയ ലക്ഷണങ്ങളോടെ ഷെലെഖോവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദര്യയുടെ ആരോഗ്യനില അതിവേഗം വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബർ ഒന്നിന് മരണത്തിന് കീഴടങ്ങി.
തുടർന്ന് ഇവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുനൂറിലധികം പേരെ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി. ഇർകുട്സ്ക് മേഖലയിൽ നടക്കാനിരുന്ന എല്ലാ പൊതുപരിപാടികളും ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. അതീവ അപകടകരമായ പകർച്ചവ്യാധിയുടെ സാന്നിധ്യം സംശയിക്കുന്നതായി ഇർകുട്സ്ക് ഗവർണർ ഇഗോർ കോബ്സെവ് ആദ്യം സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് രോഗിയുടെ സ്രവ പരിശോധനകളിൽ അണുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും അജ്ഞാത കാരണങ്ങളാലുള്ള മാരകമായ ന്യുമോണിയയാണ് മരണകാരണമെന്നും ടെലിഗ്രാമിലൂടെ തിരുത്തി. എങ്കിലും റഷ്യൻ ഉപഭോക്തൃ സുരക്ഷാ ഏജൻസിയായ റോസ്പോട്രെബ്നാഡ്സോർ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്.
മൃഗങ്ങളിൽ നിന്ന് ഈച്ചകൾ വഴിയും വായുവിലൂടെ മനുഷ്യരിലേക്ക് നേരിട്ടും പകരുന്ന ബാക്ടീരിയൽ രോഗമാണ് പ്ലേഗ്. ഇതിൽ ഏറ്റവും മാരകമായ ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിക് പ്ലേഗ് ബാധിച്ചാൽ 24 മണിക്കൂറിനകം ലക്ഷണങ്ങൾ പ്രകടമാകുകയും രക്തം കലർന്ന ചുമയും ശ്വാസതടസ്സവുമുണ്ടാകുകയും ചെയ്യും. റഷ്യൻ പബ്ലിക് ഹെൽത്ത് വാച്ച്ഡോഗ് മേധാവി അന്ന പൊപോവ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. അതേസമയം, സുരക്ഷാ കവചങ്ങളോടെ കൈകാര്യം ചെയ്യുന്ന ടെസ്റ്റ് ട്യൂബ് പൊട്ടിയാൽ അണുബാധയുണ്ടാകാനുള്ള സാധ്യത അത്യപൂർവ്വമാണെന്ന് ചൂണ്ടിക്കാട്ടി പകർച്ചവ്യാധി വിദഗ്ദ്ധൻ ഫാവോറോവ് ഭരണകൂടത്തിന്റെ വിശദീകരണത്തിൽ സംശയം പ്രകടിപ്പിച്ചു.
adsasdsaas

