വിമാനം വൈകിയാലും റദ്ദാക്കിയാലും ഇനി നഷ്ടപരിഹാരം: യാത്രക്കാരുടെ അവകാശച്ചട്ടങ്ങൾ പുറപ്പെടുവിച്ച് ഒമാൻ


പ്രദീപ് പുറവങ്കര

മസ്‌കത്ത്: വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർശന വ്യവസ്ഥകളോടെ പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ). വിമാനം വൈകൽ, റദ്ദാക്കൽ, ബോർഡിങ് തടയൽ തുടങ്ങിയ അവസരങ്ങളിൽ എയർലൈനുകൾ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങളും നഷ്ടപരിഹാരവും പുതിയ നിർദേശത്തിൽ കൃത്യമായി വ്യക്തമാക്കുന്നു.

വിമാനം രണ്ട് മണിക്കൂർ വൈകിയാൽ ലഘുഭക്ഷണവും പാനീയങ്ങളും മൂന്ന് മണിക്കൂർ വൈകിയാൽ ഭക്ഷണവും നൽകണം. ആറ് മണിക്കൂറിലധികം വൈകുകയാണെങ്കിൽ സൗജന്യ ഹോട്ടൽ താമസവും എയർപോർട്ട് ട്രാൻസ്‌പോർട്ടും ഉറപ്പാക്കണം; അല്ലാത്തപക്ഷം വലിയ തുക നഷ്ടപരിഹാരം നൽകേണ്ടിവരും. ആറ് മണിക്കൂറിലേറെ വൈകുന്ന വിമാനങ്ങളെ റദ്ദാക്കിയതിന് തുല്യമായാണ് കണക്കാക്കുന്നത്. യാത്ര തിരിക്കുന്നതിന് 14 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയാൽ ദൂരമനുസരിച്ച് 108 റിയാൽ മുതൽ 260 ഒമാനി റിയാൽ വരെ നഷ്ടപരിഹാരത്തിന് യാത്രക്കാരന് അർഹതയുണ്ട്.

ഓവർബുക്കിങ് മൂലം യാത്ര തടസ്സപ്പെട്ടാൽ പകരം വിമാനവും ടിക്കറ്റ് തുകയും ടിക്കറ്റ് മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരവും നൽകണം. യാത്രക്കാരുടെ പരാതികളിൽ 15 പ്രവൃത്തിദിവസത്തിനുള്ളിൽ എയർലൈനുകൾ മറുപടി നൽകണം. ലഗേജ് വൈകുന്ന ആദ്യ ദിവസത്തിന് 78 റിയാലും അടിയന്തര ചെലവുകൾക്ക് പരമാവധി 680 ഒമാനി റിയാൽ വരെയും അവകാശപ്പെടാം. 21 ദിവസത്തിനകം ലഗേജ് ലഭിച്ചില്ലെങ്കിൽ അത് നഷ്ടപ്പെട്ടതായി കണക്കാക്കും. മോശം കാലാവസ്ഥ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക നഷ്ടപരിഹാരത്തിൽ ഇളവുണ്ടെങ്കിലും 3 ദിവസം വരെ താമസവും ഭക്ഷണവും നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed