റോഡിലെ രോഷം വിനയായി: ഡ്രൈവർക്ക് ഒരു വർഷം തടവ് വിധിച്ച് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: റോഡിലെ തർക്കത്തിനിടെ സഹയാത്രികനെ തള്ളി താഴെയിട്ട് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ 54 വയസ്സുകാരനായ ബഹ്‌റൈനി ഡ്രൈവർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. റോഡ് രോഷത്തെ തുടർന്നുണ്ടായ ആക്രമണത്തിലും ആളപായത്തിനിടയാക്കിയ ഗുരുതരമായ പരിക്കേൽപ്പിക്കലിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.
ബിലാദ് അൽ ഖദമിലെ ഇടുങ്ങിയ റോഡിൽ ഇരുവാഹനങ്ങളും നേർക്കുനേർ വരികയും വഴികൊടുക്കാൻ ഇരുഭാഗവും തയ്യാറാകാതിരിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് വാഹനങ്ങളിൽ നിന്നിറങ്ങിയ ഡ്രൈവർമാർ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തർക്കത്തിനിടെ പ്രതി 56 വയസ്സുകാരനായ ഇരയെ തള്ളി താഴെയിടുകയായിരുന്നു. വീഴ്ചയിൽ തോളെല്ലിന് പൊട്ടലേറ്റ ഇരയ്ക്ക് തുടർചികിത്സകൾക്ക് ശേഷവും നാല് ശതമാനം സ്ഥിരമായ വൈകല്യം സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപകടമുണ്ടാക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും, തനിക്കെതിരെ ആക്രമണത്തിന് തുനിഞ്ഞപ്പോൾ സ്വയം രക്ഷാർത്ഥം തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും പ്രതി വിചാരണവേളയിൽ വാദിച്ചു. എന്നാൽ, ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെങ്കിലും പ്രതിയുടെ പ്രവൃത്തി കാരണം ഇരയ്ക്ക് ദീർഘകാല വൈകല്യമുണ്ടായെന്ന് കോടതി വിലയിരുത്തി.
acscxcxxsa

