ആദ്യം ഭാര്യ, പിന്നാലെ ഭർത്താവ്: യൂറോപ്യൻ ഫെലോഷിപ്പ് നേട്ടത്തിൽ റെക്കോർഡിട്ട് യുവദമ്പതികൾ
ഷീബ വിജയൻ
ആദ്യം ഭാര്യക്ക് അന്താരാഷ്ട്ര ഫെലോഷിപ്പ്, പിന്നാലെ അതേ നേട്ടം തേടിയെത്തിയത് ഭർത്താവിനെയും. വിവാഹം കഴിഞ്ഞ് ഒമ്പത് മാസം പിന്നിടുമ്പോൾ, ആദ്യ വിവാഹവാർഷികത്തിന് അടുത്തെത്തിയ വേളയിൽ ഗവേഷണരംഗത്ത് അപൂർവ നേട്ടവുമായി ശ്രദ്ധേയരാവുകയാണ് യുവദമ്പതികളായ ഹന്നാ ഉവൈസും റാഷിക്ക് റസാക്കും. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ ഹന്നാ ഉവൈസ് കഴിഞ്ഞ വർഷം ഓസ്ട്രിയയിലെ ഇൻസ്ബ്രക്ക് യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര ഫെലോഷിപ്പ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ആലത്തൂർ വടക്കഞ്ചേരി സ്വദേശി റാഷിക്ക് റസാക്കിന് യൂറോപ്യൻ യൂണിയന്റെ രണ്ടുകോടിയോളം രൂപയുടെ മേരിക്യൂറി അന്താരാഷ്ട്ര ഫെലോഷിപ്പ് ലഭിച്ചത്.
റസാക്കിന് ലഭിച്ച മേരി ക്യൂറി ഫെലോഷിപ്പിന്റെ ഭാഗമായി ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് മിലാനോ-ബിക്കോക്ക, നെതർലാൻഡ്സിലെ വാഗനിംഗൻ യൂണിവേഴ്സിറ്റിയിലെ ബയോപ്രോസസ് എൻജിനീയറിങ് വിഭാഗം, ഫ്രാൻസ് ആസ്ഥാനമായ ലന്റാന ബയോ എന്നിവിടങ്ങളിലാണ് ഗവേഷണം നടത്തുക. ആരോഗ്യ, വ്യവസായ മേഖലകളിൽ ഉപയോഗിക്കുന്ന യീസ്റ്റ് ഫംഗസുകളുടെ ആയുസ്സും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിനായി യീസ്റ്റ് കോശങ്ങളിൽ നടത്തുന്ന ഗവേഷണത്തിനാണ് ഫെലോഷിപ്പ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗവേഷണ വിദ്യാർഥികൾ പങ്കെടുത്ത എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷകളും കടന്നാണ് റാഷിക്ക് ഈ അവസരം സ്വന്തമാക്കിയത്. സ്വിറ്റ്സർലൻഡിലും നോർവേയിലും നടന്ന അഭിമുഖ പരീക്ഷകളിലും റാഷിക്ക് പങ്കെടുത്തിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ റാഷിക്ക് ജർമനിയിലെ ഹെൽംഹോൾട്സ് യൂണിവേഴ്സിറ്റിയിൽനിന്നാണ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയത്. സ്വീഡനിലെ പ്രശസ്തമായ ലൂണ്ട് യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസോസിയേറ്റായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് യൂറോപ്യൻ ഫെലോഷിപ്പ് റാഷിക്കിനെ തേടിയെത്തിയത്.
റാഷിക്കിന് ഒരു വർഷം മുമ്പേ അന്താരാഷ്ട്ര ഗവേഷണരംഗത്ത് ഹന്നാ ഉവൈസ് സാന്നിധ്യം അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഓസ്ട്രിയയിലെ ഇൻസ്ബ്രക്ക് യൂണിവേഴ്സിറ്റി നടത്തിയ മത്സരപരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ ഹന്നയ്ക്ക് അന്താരാഷ്ട്ര ഫെലോഷിപ്പ് ലഭിച്ചു. പ്രമേഹരോഗവുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ് ഹന്നാ ഉവൈസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആലപ്പുഴ നീർക്കുന്നം അൽഹുദ സ്കൂളിലെ പൂർവവിദ്യാർഥിയായ ഹന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽനിന്ന് ബയോളജി സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആലപ്പുഴ പുന്നപ്ര സ്വദേശികളായ എം.എച്ച്. ഉവൈസിന്റെയും സാഹിറയുടെയും മകളാണ് ഹന്നാ ഉവൈസ്. റാഷിക്ക് റസാക്കിന്റെ മാതാപിതാക്കൾ ആലത്തൂർ വടക്കഞ്ചേരി സ്വദേശികളായ അബ്ദു റസാക്കും സുനീറയുമാണ്.
dsdsdsdsds

