പൊതുസ്ഥലങ്ങളിൽ വാഹനം വിൽപ്പനയ്ക്ക് വെച്ചാൽ പണി കിട്ടും: മുന്നറിയിപ്പുമായി ബഹ്‌റൈൻ സൗത്തേൺ മുനിസിപ്പാലിറ്റി
പ്രദീപ് പുറവങ്കര
മനാമ: പൊതുസ്ഥലങ്ങളിലും തെരുവുകളിലും വഴിയോരങ്ങളിലും വാഹനങ്ങൾ വിൽപനയ്‌ക്കോ വാടകയ്‌ക്കോ വെക്കുന്നത് തടയാൻ നടപടികൾ ശക്തമാക്കി ബഹ്‌റൈൻ സൗത്തേൺ ഏരിയ മുനിസിപ്പാലിറ്റി. നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ 'ഫോർ സെയിൽ' (For Sale) ബോർഡുകൾ വെക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
2019-ലെ പബ്ലിക് ക്ലീൻലിനസ് ലോ നമ്പർ 10 അനുസരിച്ച് തെരുവുകൾ, പൊതുചത്വരങ്ങൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോഗിക്കാൻ പാടില്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. നിർദ്ദേശം ലഭിച്ച് 24 മണിക്കൂറിനകം വാഹനം അവിടെനിന്ന് മാറ്റിയില്ലെങ്കിൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് അധികൃതർ കടക്കും.
വ്യക്തികൾക്ക് പുറമെ കാർ ഷോറൂമുകൾക്കും റെന്റൽ കമ്പനികൾക്കും ഈ നിയമം ബാധകമാണ്. ലൈസൻസുള്ള തങ്ങളുടെ സ്വന്തം പരിസരങ്ങളിലോ അംഗീകൃത സ്ഥലങ്ങളിലോ മാത്രമേ കമ്പനികൾ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ. പൊതുസ്ഥലങ്ങൾ അനധികൃത വാഹന പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് തടയാനും നഗരശുചിത്വവും അച്ചടക്കവും ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
cdddds

