മലേഷ്യയിലെ 'ബഹ്‌റൈൻ ഗ്രാന്റ് പ്രി': സെപാങ് സർക്യൂട്ടിൽ മൂന്ന് ദിവസങ്ങളിലായി ഒഴുകിയെത്തിയത് 2.61 ലക്ഷം കാണികൾ
പ്രദീപ് പുറവങ്കര
മനാമ / മലേഷ്യ: മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ അരങ്ങേറിയ ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാന്റ് പ്രി 2026 റെക്കോർഡ് കാണികളുടെ പങ്കാളിത്തം കൊണ്ട് കായിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ഫോർമുല വൺ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ 2,61,000 ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഇതിൽ പ്രധാന മത്സരദിനത്തിൽ മാത്രം 1,03,000 പേർ പങ്കെടുത്തു. എഫ് 1, എഫ്.ഐ.എ (FIA), ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (BIC), മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ട് എന്നിവരാണ് കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടത്.
വെറും രണ്ട് മാസത്തെ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരമൊരു വൻകിട അന്താരാഷ്ട്ര കായിക മാമാങ്കം വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചത് അപൂർവ്വ നേട്ടമാണെന്ന് എഫ് 1 പ്രസിഡന്റും സി.ഇ.ഒയുമായ സ്റ്റെഫാനോ ഡൊമെനിക്കാലി പറഞ്ഞു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ കാഴ്ചപ്പാടും പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എഫ് 1 മലേഷ്യൻ മണ്ണിലേക്ക് തിരിച്ചെത്തുന്നത്.
"ഞങ്ങൾ ശരിക്കും ബഹ്‌റൈനെ മലേഷ്യയിലേക്ക് എത്തിക്കുകയായിരുന്നു," എന്ന് ബി.ഐ.സി സി.ഇ.ഒ ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പ്രതികരിച്ചു. രണ്ട് രാജ്യങ്ങളുടെ സഹകരണവും കായിക കൂട്ടായ്മയും തെളിയിക്കുന്നതായിരുന്നു ഈ ഇവന്റെന്നും ബഹ്‌റൈന്റെ സംസ്‌കാരവും ആതിഥ്യമര്യാദയും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ പരിചയപ്പെടുത്താൻ ഇത് സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം മാർച്ച് മാസത്തിൽ ഫോർമുല വൺ മത്സരം വീണ്ടും ബഹ്‌റൈനിലേക്ക് മടങ്ങിയെത്തുമ്പോൾ ഏവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
മത്സരത്തിന്റെ വിജയത്തിനായി ഒപ്പത്തിനൊപ്പം പ്രവർത്തിച്ച ടീം ബഹ്‌റൈനും മലേഷ്യൻ സർക്കാരിനും മറ്റ് പങ്കാളികൾക്കും സെപാങ് ഇന്റർനാഷണൽ സർക്യൂട്ട് ചെയർപേഴ്‌സൺ ദാറ്റിൻ അനിത അസ്രീന അബ്ദുൾ അസീസ് നന്ദി രേഖപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വലിയൊരു ആഗോള മത്സരം വൻ വിജയമാക്കാൻ കാണികളും സംഘാടകരും കാണിച്ച ആവേശം പ്രശംസനീയമാണെന്ന് എഫ്.ഐ.എ പ്രസിഡന്റ് മുഹമ്മദ് ബെൻ സുലായം അഭിപ്രായപ്പെട്ടു.
#BahrainGrandPrix #F1Malaysia #SepangCircuit #4PMNews
cxcsxzxzxz

