ഒമാനിൽ പുതിയ ഖനന നയം ആറ് മാസത്തിനുള്ളിൽ നിലവിൽ വരും
സലാല : ഒമാനിൽ പുതിയ ഖനന നയം ആറുമാസത്തിനുള്ളിൽ പ്രാബല്ല്യത്തിലാകും. നിക്ഷേപ സാധ്യതകൾ, തൊഴിൽ മേഖല, പരിസ്ഥിതി, എന്നിവ പരിഗണിച്ചായിരിക്കും പുതിയ നയം രൂപീകരിക്കുക. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, പ്രാദേശിക വിദേശ നിക്ഷേപകരെ കൂടുതൽ ഉൾപ്പെടുത്തി ആയിരിക്കും പുതിയ നയം രൂപീകരിക്കുക. ധാതു ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ വർഷം പതിനാല് ശതമാനം കുറവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വാണിജ്യ വ്യവസായ മേഖലക്കും, പരിസ്ഥിതിക്കും കോട്ടം ഉണ്ടാക്കാത്ത രീതിയിലും വളരെ ലളിതമായി നടപ്പിലാക്കുവാൻ സാധിക്കുന്ന നയമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
എണ്ണയിതര സന്പദ്് വ്യവസ്ഥയിൽ ഖനന മേഖലയുടെ പങ്ക് ഉയർത്തുകയാണ് പുതിയ. ഖനനനയം വഴി ലക്ഷ്യമിടുന്നത്. അടുത്ത പത്തു വർഷം മുന്നിൽ കണ്ടാണ് പുതിയ നയം രൂപീകരിക്കുക. ധാതു നിക്ഷേപം ഒമാനിൽ വളരെ കൂടുതൽ ആയതിനാൽ ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകർ എത്തുന്നുണ്ട്. നിലവിൽ ധാതുക്കളുടെ രണ്ട് രീതിയിലുള്ള കയറ്റുമതിക്കാണ് ഒമാൻ സർക്കാർ അനുവദിച്ചിട്ടുള്ളത്.
സമൃദ്ധമായി ലഭിക്കുന്ന ചുണ്ണാന്പ് കല്ല് അസംസ്‌കൃത രൂപത്തിൽ കയറ്റിയയക്കാൻ അനുമതിയുണ്ട്. അതേസമയം മാർബിളിന്റെ അസംസ്‌കൃത രൂപത്തിലുള്ള കയറ്റുമതി നിരോധിച്ചിട്ടുണ്ട്. 2016ൽ ഒമാനിൽ നിന്നും 472 ദശലക്ഷം ഒമാനി റിയാലിന്റെ ധാതു ഉൽപന്നങ്ങളാണ് കയറ്റിയയച്ചത്.

