ജനപങ്കാളിത്തത്തോടെ ബി.കെ.എസ് 'സിതാർ നൈറ്റ്സ്'; സാഹിത്യ വിഭാഗത്തിന്റേത് ശ്രദ്ധേയമായ ഓണാഘോഷ രാവ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ മഹാമഹമായ 'ശ്രാവണം 2026'-ന്റെ ഭാഗമായി സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സിതാർ നൈറ്റ്സ്' ജനപങ്കാളിത്തം കൊണ്ടും മികവുറ്റ സംഘാടനം കൊണ്ടും അവിസ്മരണീയമായ ആഘോഷരാവായി മാറി. രാത്രി 7.45-ന് ആരംഭിച്ച കലാസന്ധ്യ 11.45-ന് അവസാനിക്കുന്നത് വരെ സദസ്സിനെ സംഗീതവും നൃത്തവും കൊണ്ട് കയ്യിലെടുക്കാൻ പരിപാടികൾക്ക് സാധിച്ചു.
'ടീം സിതാർ' അവതരിപ്പിച്ച സംഗീതവിരുന്നും 'തീരംഗ കലാ പെർഫോമിങ് ആർട്സ് സെന്ററി'ന്റെ നൃത്തപരിപാടികളും സദസ്സിന്റെ മനംകവർന്നു. നാടൻപാട്ടും ഫാസ്റ്റ് നമ്പറുകളും മെലഡികളും ഉൾപ്പെടുത്തിയ സംഗീതനിമിഷങ്ങൾ എല്ലാത്തരം ആസ്വാദകർക്കും ഹരമായി. ശ്രീലങ്കയിൽ നിന്നുള്ള കലാകാരികളുടെ നൃത്തവിസ്മയവും കലാഭവൻ നസീബ് അവതരിപ്പിച്ച മാജിക്കൽ ഫിഗർ ഷോയും ഹാസ്യപരിപാടികളും വേദിക്ക് പുതിയ അനുഭവം സമ്മാനിച്ചു.
സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായരുടെ സ്വാഗതപ്രസംഗത്തോടെ തുടക്കമിട്ട ഔദ്യോഗിക ചടങ്ങിൽ ബി.കെ.എസ് ആക്ടിങ് പ്രസിഡന്റ് രവികുമാർ അധ്യക്ഷത വഹിച്ചു. ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി, എക്സ് ഒഫീഷ്യോ രാജീവ് മാത്യു എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിശിഷ്ട കലാകാരന്മാർക്കും സംഘടകരായ ജേക്കബ് മാത്യു, സുനിൽദാസ് ബാല, റഷീദ് എസ്, സ്മിത മഹേഷ് എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി. കൺവീനർ ജേക്കബ് മാത്യു നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ ഷൈൻ സൂസൻ സജി അവതാരകയായിരുന്നു.
aa

