ഒമാനിൽ ഉപയോഗിച്ച വാഹന സ്പെയർ പാർട്‌സ് വ്യാപാരത്തിന് കർശന നിയന്ത്രണം: നിയമലംഘകർക്ക് കടുത്ത പിഴ
ഷീബ വിജയൻ
മസ്കത്ത്: ഒമാനിൽ ഉപയോഗിച്ച വാഹന സ്പെയർ പാർട്‌സുകളുടെ വ്യാപാരത്തിന് കർശന നിയന്ത്രണം. ഉപയോഗിച്ച സ്പെയർ പാർട്‌സുകൾ വിൽക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഇനി മുതൽ കൃത്യമായ വാറന്റിയും ഇൻവോയ്‌സും നൽകണം, നിയമ ലംഘകർക്ക് 2,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാൻ സുലൈം ബിൻ അലി അൽ ഹിക്മാനിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. വാഹനത്തിൽ സ്പെയർ പാർട്‌സുകൾ മാറ്റുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ മുമ്പായി വർക്ക്‌ഷോപ്പുകൾ ഉപഭോക്താവിൽ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങിയിരിക്കണം. സുരക്ഷാ കാരണങ്ങളാൽ ചില പ്രധാന സ്പെയർ പാർട്‌സുകളുടെ വ്യാപാരം പൂർണമായും നിരോധിച്ചിട്ടുമുണ്ട്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ആദ്യഘട്ടത്തിൽ 1,000 റിയാൽ വരെയാണ് അഡ്മിനിസ്ട്രേറ്റീവ് പിഴ ലഭിക്കുക. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ലംഘനം തുടരുന്ന ഓരോ ദിവസത്തിനും 50 റിയാൽ വീതം അധിക പിഴയും ചുമത്തും. പരമാവധി 2,000 റിയാൽ വരെയാകും ഇത്തരത്തിൽ ഈടാക്കുക. പുതിയ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ പ്രാബല്യത്തിൽ വരും.
assdsdsds

