ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു
പ്രദീപ് പുറവങ്കര
കണ്ണൂർ: ഒമാനിലെ സലാല-ഹൈമ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു. കണ്ണൂർ താഴെചൊവ്വ തിലന്നൂർ സ്വദേശിനി ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് മുഹമ്മദ് ഷാനിദ് (31), കൂടെയുണ്ടായിരുന്ന മുഹമ്മദ് അനസ് (26) എന്നിവരെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈമയിൽ സൈൻ ബോർഡ് ജോലികൾ പൂർത്തിയാക്കി മസ്‌കത്തിലെ സീബിലേക്ക് കാറിൽ മടങ്ങുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മസ്‌കത്തിലെ 'ഫാൽക്കൺ ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഷാനിദിനൊപ്പം താമസിക്കാൻ, അടുത്തിടെയാണ് ഷാന വിസിറ്റിങ് വിസയിൽ ഒമാനിൽ എത്തിയത്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കെഎംസിസി സലാല കെയർവിങ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.
dsdssdsdfsds

