സലാലയിൽ മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി; ഇരുപത്തിയഞ്ച് സ്ഥാപനങ്ങൾ പൂട്ടിപ്പിച്ചു
ശാരിക l ഒമാൻ
സലാല: ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ച് ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സലാലയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി ദോഫാർ മുനിസിപ്പാലിറ്റി. പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ വ്യാപക പരിശോധനകളിൽ, ആരോഗ്യ മാർഗനിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 25 സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് മുനിസിപ്പാലിറ്റി പൂട്ടിട്ടത്.
താൽക്കാലികമായാണ് ഇവയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ദോഫാർ മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഹെൽത്ത് കൺട്രോൾ സെക്ഷന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പരിശോധനാ സംഘങ്ങൾ 900 ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്. പരിശോധനയിൽ 150 ആരോഗ്യ നിയമലംഘനങ്ങൾ കണ്ടെത്തുകയും 60 സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗുരുതരമായ വീഴ്ചകൾ വരുത്തിയ 25 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
രാത്രിയും പകലും ഷിഫ്റ്റുകളായി തിരിഞ്ഞ് നടത്തിയ റെയ്ഡിൽ പരമ്പരാഗത അറബിക് കിച്ചണുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, രാത്രികാല തട്ടുകടകൾ, ഒമാൻകാരുടെ പ്രിയപ്പെട്ട ഗ്രിൽഡ് വിഭവമായ 'മിശ്കാക്' വിൽക്കുന്ന കടകൾ എന്നിവയെല്ലാം കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദോഫാർ മുനിസിപ്പാലിറ്റി വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യസാഹചര്യം ഉറപ്പാക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതർ കൂട്ടിച്ചേർത്തു.
േ്ിേ്ി

