ബഹ്‌റൈനിൽ ചെമ്മീൻ പിടുത്തത്തിനുള്ള നിരോധനം ഓഗസ്റ്റ് 1 മുതൽ പിൻവലിക്കും
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — ബഹ്‌റൈൻ പ്രാദേശിക സമുദ്ര അതിർത്തിക്കുള്ളിലെ സീസണൽ ചെമ്മീൻ പിടുത്ത നിരോധനം ഓഗസ്റ്റ് 1 ശനിയാഴ്ച മുതൽ പിൻവലിക്കുന്നതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി തുടക്കത്തിൽ പ്രാബല്യത്തിൽ വന്ന ആറുമാസത്തെ വിലക്കാണ് ഇതോടെ അവസാനിക്കുന്നത്.
ചെമ്മീനുകളുടെ പ്രജനനവും വളർച്ചയും തടസ്സമില്ലാതെ നടക്കുന്നതിനും, കടൽ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഈ കാലയളവിൽ പിടുത്തത്തിനും വിൽപ്പനയ്ക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസ് നിരോധനമേർപ്പെടുത്തിയിരുന്നത്. ഓഗസ്റ്റ് 1 മുതൽ വിലക്ക് മാറുന്നതോടെ ബഹ്‌റൈനി ചെമ്മീനുകൾ വീണ്ടും പ്രാദേശിക വിപണിയിൽ ധാരാളമായി ലഭ്യമായിത്തുടങ്ങും.
വിലക്ക് പിൻവലിക്കുന്ന വാർത്ത പ്രവാസികളും സ്വദേശികളുമായ ഉപഭോക്താക്കൾക്കും മത്സ്യത്തൊഴിലാളികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. പ്രാദേശികമായി ലഭിക്കുന്ന പുതിയ ബഹ്‌റൈനി ചെമ്മീനുകൾക്ക് വിപണിയിൽ എപ്പോഴും വൻ ഡിമാൻഡാണ്. വലിയ ഇനം ചെമ്മീനുകൾക്ക് കിലോയ്ക്ക് സാധാരണയായി 2.5 മുതൽ 4 ദിനാർ വരെയാണ് വില വരാറുള്ളത്. നിരോധന കാലയളവിൽ സൗദി അറേബ്യയിൽ നിന്നുള്ള ഐസ്ഡ്/ഫ്രോസൺ ചെമ്മീനുകളാണ് വിപണിയിലുണ്ടായിരുന്നതെന്നും, പുതിയ സീസൺ ആരംഭിക്കുന്നതോടെ ഉപഭോക്താക്കൾ വീണ്ടും ഫ്രഷ് ബഹ്‌റൈനി ചെമ്മീനുകളിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സംരക്ഷണത്തിനും കടൽ വിഭവങ്ങളുടെ സുസ്ഥിരതയ്ക്കും വേണ്ടി സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തോട് പൂർണ്ണമായി സഹകരിച്ച മത്സ്യത്തൊഴിലാളികളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ജനറൽ ഡയറക്ടറേറ്റ് അഭിനന്ദിച്ചു. വിലക്ക് നീങ്ങുന്നതോടെ തീരദേശ മേഖലയിലെ പരമ്പരാഗത മത്സ്യബന്ധന മേഖല വീണ്ടും സജീവമാകും.

