മറ്റുള്ളവരുടെ പേരിൽ സിം കാർഡുകൾ രജിസ്റ്റർ ചെയ്യരുതെന്ന് മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: മറ്റുള്ളവരുടെ പേരിൽ സിം കാർഡുകൾ എടുത്ത് നൽകുന്നതിനെതിരെ മുന്നറിയിപ്പ് ആവർത്തിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിൽ എടുത്തുനൽകുന്ന സിം കാർഡുകൾ പിന്നീട് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചാൽ അത് കടുത്ത നിയമനടപടികൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും വഴിവെക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമാൻ' സോഷ്യൽ മീഡിയ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡിലാണ് ഈ വിഷയം സംസാരിച്ചത്. സ്വന്തം ഡിജിറ്റൽ വിവരങ്ങളും വ്യക്തിത്വവും സംരക്ഷിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ അഭ്യർത്ഥിച്ചു. മൊബൈൽ നമ്പറുകൾ ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, മറ്റ് ഡിജിറ്റൽ സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിൽ ഈ നമ്പറുകൾ പ്രധാന തെളിവായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
"ഒരു കുറ്റകൃത്യത്തിൽ ഉപയോഗിച്ച മൊബൈൽ നമ്പർ നിങ്ങളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിൽ, സ്വാഭാവികമായും ചോദ്യം ചെയ്യലിനായി നിങ്ങളെയായിരിക്കും ആദ്യം വിളിച്ചുവരുത്തുക," അദ്ദേഹം പറഞ്ഞു. കുറ്റകൃത്യം ചെയ്തത് ആരാണെന്ന് കണ്ടെത്തുന്നതിന് മുൻപ്, ആ നമ്പറിന്റെ യഥാർത്ഥ ഉടമയെയാണ് അന്വേഷണ സംഘം ആദ്യം പിന്തുടരുന്നത്. മറ്റൊരാൾക്ക് നിങ്ങളുടെ പേരിൽ സിം കാർഡ് ഉപയോഗിക്കാൻ അനുവാദം നൽകുന്നത് കുറ്റവാളികൾക്ക് ഒരു സംരക്ഷണ കവചം ഒരുക്കുന്നതിന് തുല്യമാണെന്നും അത് രജിസ്റ്റർ ചെയ്ത വ്യക്തിയെ സംശയത്തിന്റെ നിഴലിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വന്തം പേരിൽ നിലവിൽ എത്ര മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാനും, ഉപയോഗത്തിലില്ലാത്തതോ സ്വന്തം നിയന്ത്രണത്തിലല്ലാത്തതോ ആയ നമ്പറുകൾ ടെലികോം സേവന ദാതാക്കളുമായി ബന്ധപ്പെട്ട് ഉടനടി വിച്ഛേദിക്കാനും അദ്ദേഹം താമസക്കാരോട് ആവശ്യപ്പെട്ടു. മാതാപിതാക്കൾ തങ്ങളുടെ പേരിൽ എടുത്തിട്ടുള്ള സിം കാർഡുകൾ കുടുംബാംഗങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
sdfsf

