വൈഫൈ കണക്ഷനായി ഉണ്ടാക്കിയ ദ്വാരം വൻ ദുരന്തമായി; ഒമാനിൽ അഞ്ചാം നിലയിൽ നിന്ന് വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം!
ഷീബ വിജയൻ
ഒമാനിലെ റുസൈലിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വീണ് നാല് വയസ്സുകാരിയായ മലയാളി ബാലിക ദക്ഷ പ്രദീപ് മരണപ്പെട്ട സംഭവം പ്രവാസി മലയാളികളിൽ വലിയ നൊമ്പരമായി മാറി. ഒരു ചെറിയ അശ്രദ്ധയാണ് ഈ വൻ ദുരന്തത്തിന് കാരണമായത്. വൈഫൈ കണക്ഷൻ സുഗമമാക്കുന്നതിനായി ജനലിലെ നെറ്റിൽ ഉണ്ടാക്കിയ ഒരു ചെറിയ ദ്വാരത്തിലൂടെയാണ് കുട്ടി താഴേക്ക് വീണത്. റുസൈൽ മവേലയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് സ്വദേശി പ്രദീപന്റേയും ദിവ്യയുടേയും ഏക മകളാണ് ദക്ഷ. അടുത്തിടെയാണ് ഇവർ സന്ദർശന വിസയിൽ ഒമാനിൽ എത്തിയത്. തിങ്കളാഴ്ച രാവിലെ കുട്ടി ബെഡ്റൂമിൽ ഉറങ്ങുന്ന സമയത്ത് അമ്മ ദിവ്യ തൊട്ടടുത്തുള്ള സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. ഉറക്കമുണർന്ന കുഞ്ഞ് അമ്മയെ കാണാത്ത വെപ്രാളത്തിൽ ജനലിലെ നെറ്റിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കാൻ ശ്രമിച്ചപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് കരുതുന്നത്. തിരികെയെത്തിയ അമ്മ കുട്ടിയെ കാണാതെ തിരയുന്നതിനിടയിലാണ് താഴെ വീണുകിടക്കുന്ന വിവരം പരിസരത്തുള്ളവർ അറിയിക്കുന്നത്. തറയിലേക്കാണ് വീണതെന്നതിനാൽ മരണം തൽക്ഷണം സംഭവിച്ചിരുന്നു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അച്ഛനെ കാണാൻ സന്തോഷത്തോടെ മസ്കറ്റിൽ വിമാനമിറങ്ങിയ കുഞ്ഞിന്റെ വിയോഗം മാതാപിതാക്കൾക്ക് താങ്ങാനാവാത്ത ദുഃഖമായി മാറി.
fdsds

