ഭീകരവാദ കേസ്, ഇറാന് പിന്തുണ: ബഹ്‌റൈനിൽ 16 പേർക്ക് കഠിനതടവും ഭീമമായ പിഴയും
പ്രദീപ് പുറവങ്കര
മനാമ, ബഹ്‌റൈൻ — ഭീകര സംഘടനകളിൽ പ്രവർത്തിച്ചതിനും രാജ്യത്തിനെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനും ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി 16 പേർക്ക് തടവുശിക്ഷ വിധിച്ചു. വെവ്വേറെ പരിഗണിച്ച അഞ്ച് കേസുകളിലാണ് വിധി.
രാജ്യത്തിനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തുകയും ഭീകര സംഘടനകളിൽ അംഗങ്ങളാവുകയും ചെയ്ത നാല് കേസുകളിലായി 14 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇതിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം തടവും ആറ് പേർക്ക് 15 വർഷം വീതം തടവുശിക്ഷയുമാണ് വിധിച്ചത്.
ചില പ്രതികൾക്ക് ഒരു ലക്ഷം ദിനാർ വരെ പിഴ ചുമത്തിയ കോടതി, ഇവരിൽ നിന്ന് പിടിച്ചെടുത്ത പണവും ഉപകരണങ്ങളും കണ്ടുകെട്ടാനും ഉത്തരവിട്ടു.
ജനജീവിതം തടസ്സപ്പെടുത്താനും ദേശീയ സുരക്ഷ തകർക്കാനും ബഹ്‌റൈൻ സാമ്പത്തിക മേഖലയെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടാണ് പ്രതികൾ ഭീകര സംഘടനകളിൽ ചേർന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ഫോറൻസിക് സയൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തിനകത്ത് ഭീകരാക്രമണങ്ങൾ നടത്താനും ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് കൈമാറ്റം ചെയ്യാനും ഇവർ ചുമതലപ്പെടുത്തപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
ടെക്നിക്കൽ വിദഗ്ദ്ധരുടെ പരിശോധനയിലും സാക്ഷിമൊഴികളിലും പ്രതികൾക്ക് മുൻകാല ഭീകരപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞതായി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഭീകരാക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേർക്ക് 10 വർഷം വീതം തടവുശിക്ഷയും കോടതി വിധിച്ചു. തടവിനു പുറമെ ഇരുവർക്കും 2,000 ബഹ്‌റൈനി ദിനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
ആക്രമണങ്ങളെ ന്യായീകരിച്ചും പിന്തുണച്ചും ചിത്രങ്ങളും വീഡിയോകളും കമന്റുകളും പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആന്റ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗമാണ് കണ്ടെത്തിയത്. തുടർന്ന് പബ്ലിക് പ്രൊസിക്യൂഷൻ നടത്തിയ സൈബർ ഫോറൻസിക് പരിശോധനയിൽ പ്രതികളുടെ കുറ്റം തെളിയുകയും വിചാരണയ്ക്കായി കേസ് കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.
xzczxc

