ബുക്കർ പട്ടികയിൽ ഇടം നേടി പെരുമാൾ മുരുഗന്റെ ‘പൂകുഴി’


2023ലെ ബുക്കർ പ്രൈസിനായുള്ള പട്ടികയിൽ പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുഗന്റെ 'പൂകുഴി' എന്ന നോവൽ ഇടം നേടി. ആദ്യമായാണ് തമിഴ് സാഹിത്യത്തിൽ നിന്നും ഒരു കൃതി ബുക്കർ പട്ടികയിൽ ഇടം നേടുന്നത്. അനിരുദ്ധ് വാസുദേവനാണ് നോവൽ 'Pyre' എന്ന പേരിൽ ഇംഗ്ളീഷിലേക്ക് തർജമ ചെയ്തത്. പെരുമാൾ മുരുഗനെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നായി പന്ത്രണ്ട് എഴുത്തുകാരുടെ നോവലുകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി വിവേചനങ്ങളെ ആസ്പദിച്ചുള്ള നോവലാണ് പട്ടട എന്ന് അർത്ഥം വരുന്ന പൂകുഴി എന്ന നോവൽ. വ്യത്യസ്ത ജാതികളിൽ പെട്ട കാമുകി കാമുകൻമാരുടെ ഒളിച്ചോട്ടത്തെ തുടർന്നുള്ള സംഭവങ്ങളാണ് നോവലിൻറെ ഇതിവൃത്തം. ജാതി വിദ്വേഷങ്ങളേയും അതിന്റെ ഭാഗമായുള്ള ഹിംസകളേയും തുറന്നു കാട്ടുന്ന കൃതിയാണ് പൂകുഴി. ബുക്കർ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കാണുന്നു എന്ന് പെരുമാൾ മുരുഗൻ പറഞ്ഞു. തൻറെ നോവലല്ല മറിച്ച് തമിഴ് സാഹിത്യമാണ് ആദരിക്കപ്പെട്ടിരിക്കുന്നത്. തമിഴടക്കമുള്ള തെക്കേ ഇന്ത്യൻ ഭാഷകൾ കേവലം പ്രാദേശിക ഭാഷകൾ മാത്രമാണെന്ന കാഴ്ചപ്പാട് മാറുകയാണെന്നും പെരുമാൾ മുരുഗൻ പറഞ്ഞു. 

പ്രാദേശികമായിരിക്കുമ്പോൾ തന്നെ ആഗോളമായ ഇതിവൃത്ത സ്വഭാവമുള്ള നോവലാണ് പൂകുഴി എന്ന് തിരഞ്ഞെടുപ്പ് സമിതി നിരീക്ഷിച്ചു. തീക്ഷ്ണമായ ഭാഷയും ശക്തമായ ഘടനയും പെരുമാൾ മുരുഗൻറെ രചനാ ശൈലിയുടെ സവിശേഷതയാണെന്നും സമിതി അഭിപ്രായപ്പെട്ടു. 2015 ൽ മുരുഗൻ എഴുതിയ 'മധോരുബാഗൻ' എന്ന നോവലിനെതിരെ ചില വലതുപക്ഷ പ്രാദേശിക സംഘങ്ങൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് താൻ എഴുത്ത് ഉപേക്ഷിക്കുകയാണെന്ന് പെരുമാൾ മുരുഗൻ പ്രഖ്യാപിച്ചിരുന്നു. അദ്ധ്യപക ജോലി ഉപേക്ഷിച്ച് മുരുഗന് ഒളിവിൽ പോകേണ്ടി വന്നു. 'പെരുമാൾ മുരുഗൻ എന്ന എഴുത്തുകാരൻ മരിച്ചു' എന്നാണ് അന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. പിന്നീട് 2018 ലാണ് മുരുഗൻ എഴുത്തിലേക്ക് മടങ്ങിയെത്തുന്നത്. 50 ലക്ഷം രൂപയാണ് സമ്മാന തുക. മെയ് 23ന് പുരസ്കാരം പ്രഖ്യാപിക്കും. കഴിഞ്ഞ തവണ ബുക്കർ പ്രൈസ് ലഭിച്ചത് ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'Tomb of Sand' എന്ന നോവലിനായിരുന്നു.

        

article-image

fgd

You might also like

Most Viewed