റെയ്ഡിൽ ആറ് കോടി കണ്ടെത്തിയതിന് പിന്നാലെ കെ.സി.ഡി.എൽ ചെയർമാൻ സ്ഥാനം രാജിവെച്ച് എം.എൽ.എ മദൽ വിരുപാക്ഷപ്പ

വീട്ടിൽ നിന്നും ആറ് കോടി കണ്ടെത്തിയതിന് പിന്നാലെ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡ്(കെ.സി.ഡി.എൽ) ചെയർമാൻ സ്ഥാനം രാജിവെച്ച് എം.എൽ.എ മദൽ വിരുപാക്ഷപ്പ. കർണാടകയിലെ പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്ന കമ്പനിയാണ് കെ.സി.ഡി.എൽ.വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ ആറ് കോടിയുടെ കള്ളപ്പണം ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു. നേരത്തെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ പിടിയിലായിരുന്നു. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ(കെ.എസ്.ഡി.എൽ) ഓഫീസിൽവെച്ചാണ് പിടികൂടിയത്.
2008 ബാച്ച് കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് കുമാർ. കോൺട്രാക്ടറിൽ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന. കെ.എസ്.ഡി.എൽ ചെയർമാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്.പണം വാങ്ങിയതിൽ അച്ഛനും മകനും പങ്കുണ്ടെന്നും മുതിർന്ന ലോകായുക്ത ഓഫീസറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.