വായ്പാ തട്ടിപ്പ് കേസ്; ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിൽ

വായ്പാ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്കിന്‍റെ മുൻ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും അറസ്റ്റിൽ. വീഡിയോകോൺ ഗ്രൂപ്പിന് നൽകിയ 3,000 കോടിയിലധികം രൂപയുടെ വായ്പയിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ഇരുവരേയും സിബിഐ അറസ്റ്റ് ചെയ്തത്. വീഡിയോകോൺ കമ്പനിക്ക് ആനുകൂല്യം ചെയ്തുകൊടുത്തെന്നാരോപണം നേരിട്ടതിനെ തുടർന്ന് 59 കാരിയായ ചന്ദ കൊച്ചാർ 2018 ഒക്ടോബറിൽ ഐസിഐസിഐ ബാങ്കിന്‍റെ സിഇഒയും മാനേജിംഗ് ഡയറക്ടറും സ്ഥാനം രാജിവച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.
ചന്ദാ കൊച്ചാർ സിഇഒ ആയിരിക്കേ നൽകിയ ഈ വായ്പകൾക്ക് ഭർത്താവിന്‍റെ സ്ഥാപനത്തിലൂടെ പ്രതിഫലം കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. മുമ്പ് ചോദ്യംചെയ്യലിൽ ഇരുവരും ആരോപണം നിഷേധിച്ചിരുന്നു. ഐസിഐസിഐ ബാങ്കിന്‍റെ ചട്ടങ്ങൾക്കു വിരുദ്ധമായി വീഡിയോകോൺ ഗ്രൂപ്പിന് 1875 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചിട്ടുള്ളത്. 2012−ൽ ഈ വായ്പകൾ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചതോടെ ബാങ്കിന് 1730 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കുന്നു.
658568