ലോകത്തിലെ ശക്തയായ സ്ത്രീകളുടെ പട്ടികയിൽ നിർമലാ സീതാരാമനും
ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിർമ്മല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉൾപ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്.
എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ സോമ മൊണ്ടൽ മൽഹോത്ര, ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ−ഷാ, നൈക സ്ഥാപക ഫാൽഗുനി നായർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച വനിതകൾ.
ഫോബ്സ് പട്ടികയിൽ 36ആം സ്ഥാനത്തുള്ള നിർമലാ സീതാരാമൻ തുടർച്ചയായി നാലാം തവണയാണ് പട്ടികയിൽ ഇടം പിടിക്കുന്നത്. 2021−ൽ 37−ാം സ്ഥാനവും 2020−ൽ 41ആം സ്ഥാനത്തും 2019−ൽ 34ആം സ്ഥാനത്തുമായിരുന്നു മന്ത്രി. ഫോബ്സ് പട്ടികയിൽ വിവിധ കമ്പനികളുടെ 39 സിഇഒമാർ ഉൾപ്പെടുന്നു. 10 രാഷ്ട്രത്തലവന്മാരും 115 ബിൽല്യൺ യുഎസ് ഡോളർ മൂല്യമുള്ള 11 ശതകോടീശ്വരന്മാരും പട്ടികയിലുണ്ട്.