ഖമേനിയുടെ മരണം: ഇറാന്റെ ഭരണം മൂന്നംഗ സമിതിക്ക്; പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നേതൃത്വം നൽകും


പ്രദീപ് പുറവങ്കര

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിന് പിന്നാലെ ഇറാന്റെ ഭരണം നിയന്ത്രിക്കാൻ മൂന്നംഗ ഉന്നതതല സമിതിയെ നിയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും ഈ പരിവർത്തന കാലയളവിൽ രാജ്യത്തെ നയിക്കുകയെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്‌സെനി എജെയും രാജ്യത്തെ ലീഗൽ കൗൺസിലിൽ നിന്നുള്ള മറ്റൊരു ഉന്നത ഉദ്യോഗസ്ഥനുമാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഖമേനിയുടെ ഉപദേശകരിൽ ഒരാളായ മുഹമ്മദ് മൊഖ്ബറിനെ ഉദ്ധരിച്ചാണ് ഔദ്യോഗിക മാധ്യമങ്ങൾ ഈ വിവരം പുറത്തുവിട്ടത്. ഖമേനിക്ക് പകരമായി പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെയുള്ള ഭരണപരമായ കാര്യങ്ങൾ ഈ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക.

ഖമേനിയുടെ മരണത്തെത്തുടർന്ന് രാജ്യത്തുണ്ടായ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് ഭരണഘടനാനുസൃതമായ ഈ നീക്കം. വരും ദിവസങ്ങളിൽ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed