ഖാംനഈയുടെ വധം മഹാപരാധം; തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ്; രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം


ഷീബ വിജയൻ

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതികരണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ രംഗത്തെത്തി. ഖാംനഈയുടെ കൊലപാതകം മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്നും ഇതിന് മറുപടി നൽകാതെ ഇറാൻ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖാംനഈയുടെ ശുദ്ധമായ രക്തം അമേരിക്കൻ-സയണിസ്റ്റ് അടിച്ചമർത്തലുകളെയും അവരുടെ കുറ്റകൃത്യങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‍ലാമിക രാഷ്ട്രത്തിന്റെയും ലോകമെമ്പാടുമുള്ള സ്വതന്ത്രരായ ജനങ്ങളുടെയും പിന്തുണയോടെ, ഈ മഹാപരാധത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഖേദിപ്പിക്കാൻ തങ്ങളുടെ എല്ലാ ശക്തിയും ദൃഢനിശ്ചയവും ഉപയോഗിക്കുമെന്നും പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.

മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ മാധ്യമങ്ങൾ ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഖാംനഈയുടെ വിയോഗത്തെത്തുടർന്ന് ഇറാൻ സർക്കാർ രാജ്യത്ത് ഏഴ് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. കൂടാതെ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും രാജ്യത്ത് നടക്കും.

നേതാവിന്റെ വിയോഗവാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാംനഈയോടുള്ള ആദരസൂചകമായി അനുശോചനം രേഖപ്പെടുത്താനാണ് ജനങ്ങൾ നഗരമധ്യത്തിൽ ഒത്തുകൂടുന്നത്. അതേസമയം, കൊലപാതകത്തിന് പിന്നാലെ തെഹ്റാനിൽ വീണ്ടും സ്ഫോടനശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഇത് മേഖലയിൽ കൂടുതൽ ആശങ്ക പടർത്തുകയാണ്.

article-image

EDDEDRSW

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed