യുഎഇയിൽ ഇറാന്റെ മിസൈൽ ആക്രമണം: ദുബായിൽ സ്ഫോടനത്തിൽ നിന്ന് പി.വി. സിന്ധുവും സംഘവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഷീബ വിജയൻ
അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവും സംഘവും യുഎഇയിൽ കുടുങ്ങി. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ബെർമിങ്ഹാമിലേക്ക് പോകുന്നതിനിടെ ദുബായിൽ കണക്ഷൻ ഫ്ലൈറ്റിനായി എത്തിയതായിരുന്നു താരം. താൻ അഭയം തേടിയിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് വൻ സ്ഫോടനമുണ്ടായെന്നും പുകയും അവശിഷ്ടങ്ങളും നിറഞ്ഞ പ്രദേശത്തുനിന്ന് കോച്ചിനൊപ്പം അതീവ ഭീതിയോടെയാണ് ഓടിമാറിയതെന്നും സിന്ധു ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. നിലവിൽ സിന്ധു സുരക്ഷിതയാണെന്നും ദുബായിലെ ഇന്ത്യൻ എംബസി താരത്തിന് ഹോട്ടൽ സൗകര്യവും മറ്റ് സുരക്ഷാ സഹായങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പിതാവ് പി.വി. രമണ അറിയിച്ചു. ദുബായ് വിമാനത്താവള അധികൃതരുടെയും ഇന്ത്യൻ ഹൈക്കമ്മീഷന്റെയും സമയോചിതമായ ഇടപെടലിന് സിന്ധു നന്ദി രേഖപ്പെടുത്തി. സിന്ധുവിനെ കൂടാതെ ബോളിവുഡ് നടി സൊണാൽ ചൗഹാൻ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് നിലവിൽ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ യാത്രക്കാർ വലിയ പ്രതിസന്ധിയിലാണ്.
DSADSADS


